ഡോക്ടര്‍മാരുടെ സമരംരാജ്യവ്യാപകം : ബംഗാള്‍ സര്‍ക്കാരിനോട് കേന്ദ്രം വിശദീകരണം തേടി
ഡോക്ടര്‍മാരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിമാര്‍ക്ക് ആരോഗ്യമന്ത്രി കത്ത് നല്‍കി.
ഡൽഹി :ഡോക്ടര്‍മാരുടെ സമരം തുടരുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് കേന്ദ്രം വിശദീകരണം തേടി. റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഡോക്ടര്‍മാരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിമാര്‍ക്ക് ആരോഗ്യമന്ത്രി കത്ത് നല്‍കി. സമരം തുടരുന്ന സാഹചര്യത്തിൽ മമത ബാനര്‍ജി ഉന്നതതല യോഗം വിളിച്ചു. ഡോക്ടര്‍മാരെ ആക്രമിച്ചവര്‍ അഴിക്കുളളിലാകുമെന്ന് മമത ബാനര്‍ജി പറഞ്ഞു.
പശ്ചിമ ബംഗാളില്‍ അഞ്ച് ദിവസമായി ഡോക്ടര്‍മാരുടെ സമരം തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടല്‍. വിഷയത്തില്‍ അടിയന്തരമായി കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പശ്ചിമ ബംഗാൾ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന് പുറമെ കേന്ദ്ര ആരോഗ്യ മന്ത്രാലയവും വിഷയത്തിലിടപ്പെട്ടു. ഡോക്ടര്‍മാരെ മര്‍ദിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചത്. പ്രശ്നം പരിഹരിക്കാന്‍ പശ്ചിമ ബംഗാളിനകത്തും പുറത്തുമുള്ള ഡോക്ടര്‍മാരുടെ സമ്മര്‍ദ സമരം തുടരുകയാണ്. രാജിഭീഷണി മുഴക്കിയും അനിശ്ചിത കാല സമരം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയുമാണ് ഡോക്ടര്‍മാര്‍ സമ്മര്‍ദം തുടരുന്നത്. രാവിലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തു.
48 മണിക്കൂറിനകം പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് കാണിച്ച് എയിംസ് റസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. എന്‍.ആര്‍.എസ് ആശുപത്രിയില്‍ രോഗിയുടെ ബന്ധുക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ ഡോക്ടറെ മമത നേരിട്ട് സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് അത് ഒഴിവാക്കി. സമ്മര്‍ദം ശക്തമായതോടെ മമത ഉന്നതതല യോഗം വിളിച്ചു. സംസ്ഥാന ആരോഗ്യ മന്ത്രി പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തിലാണ് മമത ഉന്നതതല യോഗം ചേര്‍ന്നത്.