കെ എം മാണിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ.
ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെ എം മാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡയാലിസിസ് നൽകിയതോടെ വൃക്കകളുടെ പ്രവർത്തനവും മെച്ചമാകുന്നുണ്ട്. വിളിക്കുമ്പോൾ പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർ പറഞ്ഞു
കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കേരള കോൺഗ്രസ് ചെയർമാൻ കെ എം മാണിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ. നിലവിലെ ചികിത്സ തുടരാനും തീരുമാനിച്ചു. അണുബാധയുണ്ടാകാതിരിക്കാൻ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.കേരള കോൺഗ്രസ് നേതാവ് പിജെ ജോസഫ് ഇന്ന് ആശുപത്രിയിലെത്തി കെഎം മാണിയേയും കുടുംബാംഗങ്ങളേയും കണ്ടു.
ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെ എം മാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള കെ എം മാണിയുടെ ആരോഗ്യനില ഇന്നലത്തേക്കാളും 20 ശതമാനം മെച്ചപ്പെട്ടതായി ഡോക്ടർമാർ പറഞ്ഞു. രാത്രി 8 മണിക്കൂർ മാത്രമാണ് ശ്വസിക്കാൻ വെന്റിലേറ്റർ സഹായം നൽകിയത്. ന്യുമോണിയ ഉണ്ടെങ്കിലും ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെട്ട് വരികയാണ്.ഡയാലിസിസ് നൽകിയതോടെ വൃക്കകളുടെ പ്രവർത്തനവും മെച്ചമാകുന്നുണ്ട്. വിളിക്കുമ്പോൾ പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർ പറഞ്ഞു. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് കെഎം മാണിയെ ചികിത്സിക്കുന്നത്. ആരോഗ്യനിലയിൽ പുരോഗതിയുള്ളതിനാൽ ചികിത്സ നിലവിലെ രീതിയിൽ തുടരാനാണ് തീരുമാനം.