ആറ് മണിക്കൂറോളം ആംബുലന്‍സില്‍ ചികിത്സക്ക് വേണ്ടി കിടന്നിട്ടുംഡോക്ടര്‍മാര്‍ തിരിഞ്ഞ് നോക്കിയില്ല,രോഗി ചികിത്സ ലഭിക്കാതെ മരിച്ചെന്ന് പരാതി

മെഡിക്കല്‍ കോളേജിലേയും തെള്ളകം മാതായ, ഏറ്റുമാനൂർ കാരിത്താസ് എന്നീ സ്വകാര്യ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ തിരിഞ്ഞ് നോക്കിയില്ല. ആശുപത്രികളുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു

0

കട്ടപ്പന :കോട്ടയത്ത് മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചു. ഇടുക്കി കട്ടപ്പന സ്വദേശി ജേക്കബ് തോമസാണ് മരിച്ചത്. ആറ് മണിക്കൂറോളം ആംബുലന്‍സില്‍ ചികിത്സക്ക് വേണ്ടി കിടന്നിട്ടും മെഡിക്കല്‍ കോളേജിലേയും തെള്ളകം മാതായ, ഏറ്റുമാനൂർ കാരിത്താസ് എന്നീ സ്വകാര്യ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ തിരിഞ്ഞ് നോക്കിയില്ല. ആശുപത്രികളുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു.

ഇന്ന് രാവിലെ 10 മണിയോടെയാണ് കട്ടപ്പനയിലെ സെന്റ് ജോൺസ് ആശുപത്രിയില്‍ നിന്നും എന്നും ജേക്കബ് തോമസിനെ കോട്ടയത്തേക്ക് കൊണ്ടുവരുന്നത്. കടുത്ത പനിയുണ്ടായിരുന്ന ജേക്കബിന് എച്ച് വണ്‍ എന്‍ വണ്‍ സംശയവും കൂടി ഉണ്ടായതോടെയാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്. 2.10ഓടെ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും, രോഗിയെ ആംബുലന്‍സില്‍ നിന്നും പുറത്തിറക്കി ആവശ്യമായ ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല.

വെന്റിലേറ്ററിലും ഐ.സി.യുവിലും സ്ഥലമില്ലെന്ന് പറഞ്ഞായിരുന്നു മെഡിക്കല്‍ കോളേജില്‍ ചികിത്സ നിഷേധിച്ചത്. ഇതേതുടര്‍ന്ന് സ്വകാര്യ ആശുപത്രിയായ കാരിത്താസ് ആശുപത്രിയിലേക്ക് ബന്ധുക്കള്‍ ജേക്കബിനെ കൊണ്ടുപോയെങ്കിലും ഇവിടെയും ചികിത്സ നിഷേധിച്ചു. തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയായ മാതായില്‍ എത്തിച്ചെങ്കിലും ഒരു പരിഗണനയും രോഗിക്ക് ലഭിച്ചില്ല. ചികിത്സ ലഭ്യമാകാതെ വന്നതോടെ ആംബുലന്‍സില്‍ വച്ച് തന്നെ ജേക്കബ് മരിക്കുകയായിരുന്നു.

ഏതെങ്കിലും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചികിത്സ നല്‍കാന്‍ തയ്യാറായിരുന്നുവെങ്കില്‍ മരണം സംഭവിക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആയതുകൊണ്ടുതന്നെ ആശുപത്രികളുടെ അനാസ്ഥയ്‌ക്കെതിരെ പരാതി നല്‍കാനാണ് തീരുമാനം. അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ മന്ത്രി നിര്‍ദേശിച്ചു. വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

You might also like

-