ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും പിഴവ് പറ്റിയെന്ന് റിപ്പോർട്ട്.
ഡോക്ടര്‍ക്ക് പുറമേ സ്റ്റാഫ് നേഴ്‌സ്, അനസ്‌തേഷ്യ ടെക്‌നീഷ്യൻ എന്നിവർക്കെതിരെയാണ് ആശുപത്രി സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പിഴവ് പറ്റിയെന്ന് റിപ്പോർട്ട്. ശ്രദ്ധിച്ചിരുന്നെങ്കിൽ ഒഴിവാക്കമായിരുന്ന പിഴവാണ് സംഭവിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് റിപ്പോർട്ട് നല്‍കി.
ഡോക്ടര്‍ക്ക് പുറമേ സ്റ്റാഫ് നേഴ്‌സ്, അനസ്‌തേഷ്യ ടെക്‌നീഷ്യൻ എന്നിവർക്കെതിരെയാണ് ആശുപത്രി സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ഇവരുടെ ഭാഗത്തുനിന്നും ഗുരുതരമായ ജാഗ്രതക്കുറവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഓപ്പറേഷൻ തിയ്യറ്ററില്‍ കൂടുതല്‍ ജാഗ്രതയും മുൻകരുതലും ശ്രദ്ധയും വേണം. ആളുമാറി ശസ്ത്രക്രിയ നടത്തിയ 7 വയസുകാരന് എല്ലാ ചികിത്സയും പ്രത്യേക പരിഗണയോടെ നൽകുമെന്നും ആശുപത്രി സൂപ്രണ്ട് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ ഏഴ് വയസുകാരൻ മുഹമ്മദ് ഡാനിഷ് മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ ചികിത്സാ പിഴവിന് ഇരയായത്. മൂക്കിലെ ദശ മാറ്റാൻ എത്തിയ ഡാനിഷിന് വയറില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ധനുഷ് എന്ന മറ്റൊരു കുട്ടിക്ക് ഇതേസമയം വയറില്‍ ശസ്ത്രക്രിയ ചെയ്യാനുണ്ടായിരുന്നു. ഈ ശസ്ത്രക്രിയയാണ് ഡാനിഷിന് ചെയ്തത്. സംഭവം വിവാദമായതോടെ ശസ്ത്രക്രിയ നടത്തിയ ഡോ. സുരേഷ്കുമാറിനെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തിരുന്നു.