പത്തനംതിട്ടയിൽ ശ്വാസകോശ രോഗങ്ങള്‍ക്ക് സാധ്യത; ജാഗ്രത പുലര്‍ത്തണം – ഡിഎംഒ

വൈറസ് ആരോഗ്യമുള്ള ഒരാളുടെ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഒന്നു മുതല്‍ നാല് ദിവസങ്ങള്‍ കൊണ്ട് ആ വ്യക്തിക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. എന്നാല്‍ രോഗ ലക്ഷണങ്ങള്‍ തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് മുതല്‍ രോഗ ലക്ഷണങ്ങള്‍ മുഴുവന്‍ മാറി ഒരു ആഴ്ച വരെയും രോഗവ്യാപനത്തിനുള്ള സാധ്യതയുണ്ട്.

0

പത്തനംതിട്ട :വൈറസുകള്‍, ബാക്ടീരിയകള്‍ തുടങ്ങിയവ മൂലമുള്ള ശ്വാസകോശ രോഗങ്ങള്‍ കൂടുതലായി പടര്‍ന്നുപിടിക്കാതിരിക്കാന്‍ പ്രാരംഭത്തില്‍ തന്നെയുള്ള രോഗനിര്‍ണയവും ചികിത്സയും അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വായുവില്‍ കൂടി പകരുന്നവയാണ് മിക്ക ശ്വാസകോശ രോഗങ്ങളും. അസുഖം ബാധിച്ച ഒരാള്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ വായുവില്‍ പടരുന്ന ചെറു കണികകള്‍ വഴി രോഗാണു അന്തരീക്ഷത്തില്‍ എത്തുകയും ഈ വായു ശ്വസിക്കുന്ന മറ്റൊരാള്‍ക്ക് അസുഖം പകരാന്‍ കാരണമാവുകയും ചെയ്യും.
ഈ സീസണില്‍ പ്രതേ്യകം ശ്രദ്ധ നല്‍കേണ്ട ശ്വാസകോശ രോഗമാണ് എച്ച്1എന്‍1. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, തളര്‍ച്ച എന്നിവയാണ് സാധാരണ കാണപ്പെടുന്ന രോഗലക്ഷണങ്ങള്‍. ചില സന്ദര്‍ഭങ്ങളില്‍ വയറിളക്കവും ഛര്‍ദിയും കാണാറുണ്ട്.
വൈറസ് ആരോഗ്യമുള്ള ഒരാളുടെ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഒന്നു മുതല്‍ നാല് ദിവസങ്ങള്‍ കൊണ്ട് ആ വ്യക്തിക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. എന്നാല്‍ രോഗ ലക്ഷണങ്ങള്‍ തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് മുതല്‍ രോഗ ലക്ഷണങ്ങള്‍ മുഴുവന്‍ മാറി ഒരു ആഴ്ച വരെയും രോഗവ്യാപനത്തിനുള്ള സാധ്യതയുണ്ട്.
പ്രായം തീരെ കുറഞ്ഞ കുട്ടികള്‍, വൃദ്ധജനങ്ങള്‍, ഗര്‍ഭിണികള്‍, ശ്വാസകോശം, കരള്‍, വൃക്ക എന്നിവയ്ക്ക് രോഗമുള്ളവര്‍, പ്രമേഹം, അമിത രക്തസമ്മര്‍ദം, അര്‍ബുദം തുടങ്ങിയ രോഗമുള്ളവര്‍, സ്റ്റിറോയ്ഡ് ഔഷധങ്ങള്‍ സ്ഥിരമായി കഴിക്കുന്നവര്‍, രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ എന്നിവര്‍ക്കാണ് രോഗം മൂര്‍ച്ഛിക്കാന്‍ സാധ്യതയുള്ളത്. ഇവര്‍ രോഗം ആരംഭിക്കുമ്പോള്‍ തന്നെ ചികിത്സ തേടണം. അല്ലെങ്കില്‍ നിമോണിയ, സൈനസിലുള്ള അണുബാധ, ഹൃദയാഘാതം എന്നിവ വളരെ പെട്ടെന്ന് ഉണ്ടാകാനും അതുവഴി മരണം സംഭവിക്കാനുമുള്ള സാധ്യതയുണ്ട്.
അല്‍പം ശ്രദ്ധിച്ചാല്‍ എച്ച്1എന്‍1 രോഗപകര്‍ച്ചയും തുടര്‍ന്നുള്ള മരണവും ഒഴിവാക്കാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ട് വായും മൂക്കും മൂടണം. കൈകള്‍ ഇടവിട്ട് സോപ്പ് ഉപയോഗിച്ച് കഴുകണം. രോഗബാധയുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ പോകരുത്. രോഗികള്‍ പൂര്‍ണമായും വിശ്രമിക്കുകയും ഉപ്പ് ചേര്‍ത്ത കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഇളനീര്‍, സംഭാരം തുടങ്ങിയവ ഇടവിട്ട് കുടിക്കുകയും വേണം.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എച്ച്1എന്‍1 പനി ചികിത്സയ്ക്കുള്ള ഒസള്‍ട്ടാമിവിര്‍ ഗുളിക സൗജന്യമായി ലഭിക്കും. രോഗ നിര്‍ണയത്തിനായി തൊണ്ടയില്‍ നിന്നുള്ള സ്രവം എടുക്കുന്നതിന് പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, കോഴഞ്ചേരി ജില്ലാ ആശുപത്രി, തിരുവല്ല, റാന്നി താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു.
ജില്ലയില്‍ ഈ വര്‍ഷം 10 പേര്‍ക്ക് രോഗബാധയുണ്ടാവുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

You might also like

-