തമിഴകം ഇനി സ്റ്റാലിൻ നയിക്കും എം.കെ സ്റ്റാലിന്‍ ഡി.എം.കെ അധ്യക്ഷന്‍,
പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് സ്റ്റാലിനല്ലാതെ മറ്റാരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നില്ല
ചെന്നൈ :എം കെ സ്റ്റാലിനെ ഡി എം കെ അധ്യക്ഷനായി തിരഞ്ഞെടുത്തു. പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗമാണ് സ്റ്റാലിനെ പുതിയ അധ്യക്ഷനായി തരഞ്ഞെടുത്തത്. 49 വര്‍ഷം ഡിഎംകെയെ മുന്നോട്ട് നയിച്ച കരുണാനിധിയുടെ പിന്‍ഗാമിയായാണ് നിലവില്‍ പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റായ സ്റ്റാലിന്‍ അധ്യക്ഷ പദവിയിലേക്കെത്തുന്നത്.
പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് സ്റ്റാലിനല്ലാതെ മറ്റാരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നില്ല. മുതിര്‍ന്ന നേതാവും പാര്‍ട്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എസ്.ദുരൈമുരുഗനെ ട്രഷറര്‍ പദവിയിലേക്കും തിരഞ്ഞെടുത്തു.
കരുണാനിധിയുടെ ഇളയമകനായ സ്റ്റാലിന്‍ സ്‌കൂള്‍ പഠനകാലം മുതല്‍ തന്നെ പാര്‍ട്ടിയില്‍ സജീവമായിരുന്നു. ഡിഎംകെ ട്രഷറര്‍, യുവജനവിഭാഗം സെക്രട്ടറി ഉള്‍പ്പെടെ നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 2009ല്‍ ഉപമുഖ്യമന്ത്രിയായിട്ടുണ്ട്.
കരുണാനിധിയുടെ മൂത്തമകനും മുന്‍ കേന്ദ്രമന്ത്രിയുമായ എം.കെ. അഴഗിരി ഡി.എം.കെക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയ സാഹചര്യത്തിലാണ് സ്റ്റാലിനെ അധ്യക്ഷനായി വേഗത്തില്‍ തിരഞ്ഞെടുത്തത്. സ്റ്റാലിനെ തുടര്‍ച്ചയായി വിമര്‍ശിച്ചതിന്റെ പേരില്‍ ഡി.എം.കെ ദക്ഷിണമേഖല ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്ന അഴഗിരിയെ നാലുവര്‍ഷം മുമ്പാണ് പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് കരുണാനിധി പുറത്താക്കിയത്.