ഡി കെ ശിവകുമാറിനെ ഈ മാസം 13 വരെ റിമാൻഡ് ചെയ്തു.

കർണ്ണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഈ മാസം 13 വരെ റിമാൻഡ് ചെയ്തു. 14 ദിവസത്തെ റിമാൻഡായിരുന്നു എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് ആവശ്യപ്പെട്ടിരുന്നത്.

0

ഡൽഹി : കള്ളപ്പണക്കേസിൽ അറസ്റ്റിലായ കർണ്ണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഈ മാസം 13 വരെ റിമാൻഡ് ചെയ്തു. 14 ദിവസത്തെ റിമാൻഡായിരുന്നു എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 9 ദിവസത്തേക്കാണ് ഇപ്പോൾ പ്രത്യേക സിബിഐ കോടതി ശിവകുമാറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.കർണാടകത്തിൽ ജെഡിഎസ് – കോൺഗ്രസ് സഖ്യത്തിന്‍റെ പ്രധാന സൂത്രധാരൻമാരിൽ ഒരാളായ ഡി കെ ശിവകുമാർ കർണാടക പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന സൂചനകൾക്കിടെയാണ് അറസ്റ്റിലായത്

എല്ലാ ദിവസവും അരമണിക്കൂർ നേരം ബന്ധുക്കൾക്ക് ശിവകുമാറിനെ സന്ദർശിക്കാനും സിബിഐ ജ‍ഡ്ജി അജയ് കുമാർ കുഹാർ അനുമതി നൽകി. അന്വേഷണവുമായി പൂർണമായി സഹകരിച്ചു എന്ന് ശിവകുമാർ കോടതിയെ അറിയിച്ചു. താൻ അന്വേഷണത്തിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും ഡി കെ ശിവകുമാർ കോടതിയിൽ വ്യക്തമാക്കി.

ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിൽ ശിവകുമാറിന്റെ നിയമ വിരുദ്ധ ഇടപാടുകൾക്ക് നിരവധി തെളിവുകൾ ലഭിച്ചുവെന്നാണ് എൻഫോഴ്സ്മെന്‍റ് പറയുന്നത്.അന്വേഷണം നിർണ്ണായകഘട്ടത്തിലാണെന്നും ശിവകുമാറിനെ കസ്റ്റഡിയിൽ ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയിൽ വാദിച്ചു. ചോദ്യം ചെയ്യൽ സമയത്ത് എങ്ങും തൊടാത്ത മറുപടികളാണ് ശിവകുമാർ നൽകിയതെന്നും ശിവകുമാർ കുറ്റക്കാരനാണെന്ന് വിശ്വസിക്കാൻ കാരണങ്ങളുണ്ടെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ശിവകുമാറിന്‍റെയും കുടുംബത്തിന്‍റെയും സ്വത്തിൽ അസാധാരണ വളർച്ചയാണുണ്ടായതെന്നും എൻഫോഴ്സ്മെന്‍റ് പറയുന്നു.

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്നലെയാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. തുട‍ർച്ചയായ നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു ശിവകുമാറിന്‍റെ അറസ്റ്റ്..

2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്നതാണ് കേസ്. എട്ട് കോടി രൂപയാണ് അന്ന് പിടിച്ചത്. തന്‍റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്‍റെ വിശദീകരണം. ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ എൻഫോഴ്‍സ്മെന്‍റ് കർണാടകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്‍റെ വസതികളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ അറസ്റ്റ്

You might also like

-