പോലീസിലെ പോസ്റ്റൽ ബാലറ്റ് വിവാദം അന്വേഷിക്കുമെന്ന് ഡിജിപി.
പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ ഉന്നതർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പോലീസുകാരുടെ പോസ്റ്റൽ ബാലറ്റിൽ ക്രമക്കേട് നടന്നതായുള്ള ആരോപണം എഡിജിപി അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ . സംഭവം സത്യമാണെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും ഡിജിപി മാധ്യമങ്ങളോട് വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ ബാലറ്റുകൾ പോലീസ് അസോസിയേഷൻ ഭാരവാഹികൾ ശേഖരിച്ച് കള്ളവോട്ട് ചെയ്യുന്നതായി നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. സംഭവം വിവാദമായതോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഡിജിപിയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
അതേ സമയം പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ ഉന്നതർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പോലീസുകാരുടെ ബാലറ്റ് പേപ്പറുകൾ ശേഖരിക്കാൻ ഫെസിലിറ്റേഷൻ സെന്ററുകൾ തുടങ്ങണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.