അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന എഫ്‌ഐആർ റദ്ദാക്കണം ദീലീപ് ഹൈക്കോടതിയിൽ
താനുമായി ശത്രുതയുള്ള ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തെത്തുടർന്നു മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തട്ടുള്ളതെന്നും തനിക്കെതിരായ എഫ്‌ഐആർ കെട്ടിച്ചമച്ചതാണെന്നും തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നും ദിലീപ് കോടതിയിൽ അറിയിച്ചു
കൊച്ചി | നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി. അഭിഭാഷകൻ ബി രാമൻപിള്ള മുഖേനയാണ് ഹർജി ഫയൽ ചെയ്തത്.താനുമായി ശത്രുതയുള്ള ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തെത്തുടർന്നു മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തട്ടുള്ളതെന്നും തനിക്കെതിരായ എഫ്‌ഐആർ കെട്ടിച്ചമച്ചതാണെന്നും തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നും ദിലീപ് കോടതിയിൽ അറിയിച്ചു. ദിലീപിന്റെ ഹർജിയിൽ വിശദമായ വാദം കേൾക്കുന്നതിനായി ഹൈക്കോടതി ഹർജി ഫയലിൽ സ്വീകരിച്ചു.
നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘത്തിന് തന്നോട് എന്തോ വ്യക്തി വൈരാഗ്യമുണ്ടെന്നും ഇതിന്റെ ഭാഗമായാണ് തന്നെ വേട്ടയാടുന്നതെന്നുമാണ് ഇപ്പോൾ നൽകിയിരിക്കുന്ന ഹർജിയിൽ പറയുന്നത്. എഫ്‌ഐആർ റദ്ദാക്കിയില്ലെങ്കിൽ കേസ് സിബിഐയ്‌ക്ക് വിടണമെന്നും ദിലീപ് ആവശ്യപ്പെട്ടു. കേസ് ക്രൈബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും ഉദ്യോഗസ്ഥർ മനഃപൂർവ്വം തന്നെ വേട്ടയാടുകയാണെന്നും ഇതേ കേസിൽ മുൻകൂർ വാദം കേൾക്കുന്നതിനിടെ ദിലീപ് വാദിച്ചിരുന്നു.
ഡിജിപി ബി.സന്ധ്യ, എഡിജിപി എസ്.ശ്രീജിത്ത് എന്നിവരുടെ അറിവോടെയാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയിരിക്കുന്നതെന്നും ദിലീപ് ഹർജിയിൽ പറയുന്നു. വധഗൂഢാലോചക്കേസിൽ നേരത്തെ ദിലീപിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. ഗൂഢാലോചനയ്‌ക്ക് തെളിവില്ലെന്നും പ്രഥമദൃഷ്ട്യാ പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നും വ്യക്തമാക്കിയാണ് കോടതി ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചത്.