ഗൂഢാലോചന കേസില്‍ ദിലീപിന് തിരിച്ചടി; പ്രതികളുടെ ഫോണുകള്‍ കൈമാറണമെന്ന് ഹൈക്കോടതി
കേസുമായി ബന്ധപ്പെട്ട മൊബൈൽ ഫോൺ സ്വന്തം നിലയിൽ പരിശോധനയ്‌ക്ക് അയച്ചത് ശരിയായില്ലെന്ന് ഹൈക്കോടതി അറിയിച്ചു.
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ കേന്ദ്രീകരിച്ചുള്ള വാദം ഹൈക്കോടതിയിൽ തുടങ്ങി. കേസുമായി ബന്ധപ്പെട്ട മൊബൈൽ ഫോൺ സ്വന്തം നിലയിൽ പരിശോധനയ്‌ക്ക് അയച്ചത് ശരിയായില്ലെന്ന് ഹൈക്കോടതി അറിയിച്ചു. തിങ്കളാഴ്‌ച്ച പത്ത് മണിയ്‌ക്ക് മുൻപ് എല്ലാ മൊബൈൽ ഫോണുകളും ഹൈക്കോടതിയുടെ രജിസ്ട്രാർക്ക് കൈമാറണമെന്ന് കോടതി നിർദ്ദേശിച്ചു. ചൊവ്വാഴ്‌ച്ച വരെ സമയം നൽകണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി.
തിങ്കളാഴ്‌ച്ച പത്ത് മണിക്ക് രജിസ്ട്രാറിന് മുന്നിൽ ഹാജരാക്കണം. തെളിവുകൾ നൽകാത്തതും ഗൂഢാലോചനയാണ്. നിയമപരമല്ലാത്ത പ്രവൃത്തിയാണ് ഉണ്ടായത്. ഇത് അംഗീകരിക്കാനാകില്ല. കേന്ദ്ര ഏജൻസികൾക്കാണ് മൊബൈൽ ഫോൺ പരിശോധിക്കാനുള്ള അവകാശമുള്ളത്. പ്രതി നടത്തുന്ന പരിശോധാനയ്‌ക്ക് തെളിവ് മൂല്യമില്ലെന്നും തെളിവ് നിയമപ്രകാരം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഐടി നിയമത്തിലെ 79-ാം വകുപ്പിൽ ഫോൺ പരിശോധിക്കുന്ന ഏജൻസികളുമായി ബന്ധപ്പെട്ട വ്യക്തമായ നിർദ്ദേശങ്ങളുണ്ട്. സ്വകാര്യ വിവരങ്ങൾ ഫോണിലുണ്ടെന്ന വാദം മനസിലാക്കുന്നു. എന്നാൽ ഇതെങ്ങനെ വേർതിരിക്കും, ഇക്കാര്യത്തിൽ നിയമം വ്യക്തമാകണമെന്നും കോടതി പറഞ്ഞു. എന്നാൽ പോലീസിന്റെ ഫൊറെൻസിക് ലാബിൽ വിശ്വാസമില്ലെന്ന് ദിലീപ് അറിയിച്ചു.
മാദ്ധ്യമങ്ങളും പോലീസും നിരന്തരം വേട്ടയാടുകയാണെന്ന് ദിലീപിന് വേണ്ടി ഹാജരായ അഡ്വ. രാമൻപിള്ള കോടതിയിൽ വാദിച്ചു. ദയകാട്ടണമെന്ന് ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ ദയയുടെ പ്രശ്‌നം ഉദിക്കുന്നില്ലെന്നും മൊബൈൽ ഫോൺ ഇന്ന് തന്നെ കൈമാറുന്നതാണ് നല്ലതെന്നും ഹൈക്കോടതി വ്യക്തമാക്കി. ദിലീപ് അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
2017 മുതൽ 2019 വരെയുള്ള ഫോണിലെ രേഖകൾ പരിശോധിക്കണം. 2017 മുതൽ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ തുടർച്ചയായ നീക്കങ്ങളുണ്ടായെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ദിലീപിന് സംരക്ഷണം നൽകരുത്. അറസ്റ്റ് തടഞ്ഞുള്ള സംരക്ഷണത്തിന് ദിലീപ് യോഗ്യനല്ല. ഇതുപോലൊരു കേസിൽ ഇത്രയും വിശേഷാധികാരം മറ്റൊരു പ്രതിയ്‌ക്കും ലഭിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.