ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യം , തിരുപ്പതി മാതൃകയില്‍ ഡിജിറ്റല്‍ സംവിധാനം

നിലയ്ക്കലില്‍ പതിനായിരം പേര്‍ക്കുള്ള വിശ്രമ സൗകര്യം ഏര്‍പ്പെടുത്തും. സന്നിധാനത്ത് സ്ത്രീള്‍ക്കായി പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തുന്നത് പ്രായോഗികമാവില്ല. മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവരുന്നതും സ്ത്രീകള്‍ പ്രാദേശികമായി മറ്റ് അയ്യപ്പന്‍മാരോടൊപ്പമോ, കുടുംബവുമായിട്ടോ വന്ന് ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ ഒറ്റപ്പെടാന്‍ സാധ്യതയുള്ളതിനാലാണിത്. സ്ത്രീള്‍ക്കായി പ്രത്യേകം ടോയിലറ്റുകളും കുളിക്കടവുകളുമുണ്ടാക്കും.

0

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ ശബരിമല ഉന്നതതലയോഗം തീരുമാനിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ദേവസ്വംബോര്‍ഡിന്‍റെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും യോഗം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ നടന്നു. നിലയ്ക്കല്‍ ബേസ് ക്യാമ്പിലും മറ്റു ഇടത്താവളങ്ങളിലും സ്ത്രീകള്‍ക്ക് സൗകര്യം ഒരുക്കും. നിലയ്ക്കലില്‍ പതിനായിരം പേര്‍ക്കുള്ള വിശ്രമ സൗകര്യം ഏര്‍പ്പെടുത്തും. സന്നിധാനത്ത് സ്ത്രീള്‍ക്കായി പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തുന്നത് പ്രായോഗികമാവില്ല. മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവരുന്നതും സ്ത്രീകള്‍ പ്രാദേശികമായി മറ്റ് അയ്യപ്പന്‍മാരോടൊപ്പമോ, കുടുംബവുമായിട്ടോ വന്ന് ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ ഒറ്റപ്പെടാന്‍ സാധ്യതയുള്ളതിനാലാണിത്. സ്ത്രീള്‍ക്കായി പ്രത്യേകം ടോയിലറ്റുകളും കുളിക്കടവുകളുമുണ്ടാക്കും. സ്ത്രീകളുടെ കുളിക്കടവിന് പ്രത്യേക ബ്ലോക്ക് ഉണ്ടാക്കും. ടോയിലറ്റുകള്‍ക്ക് പ്രത്യേകം നിറം നല്‍കി വേര്‍തിരിക്കും. സന്നിധാനത്ത് തീര്‍ത്ഥാടകരെ താമസിപ്പിക്കുന്നത് നിയന്ത്രിക്കും. തൊഴുതു കഴിഞ്ഞാല്‍ പമ്പയിലേക്ക് മടങ്ങുന്ന സ്ഥിതിയുണ്ടാവണം. രാത്രിയില്‍ സന്നിധാനത്ത് തീര്‍ത്ഥാടകര്‍ തങ്ങുന്നത് തിരക്ക് വര്‍ദ്ധിപ്പിക്കുന്നതുകൊണ്ടാണിത്. ഭക്തജന പ്രവാഹം കണക്കിലെടുത്ത് ദര്‍ശനത്തിനും പൂജയ്ക്കുമുള്ള ദിവസങ്ങളും സമയവും വര്‍ദ്ധിപ്പിക്കുന്നകാര്യം തന്ത്രിയുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കും. തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി തിരുപ്പതി മാതൃകയില്‍ ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തും. ഡിജിറ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയാല്‍ ഓരോദിവസവും എത്രപേര്‍ എത്തിച്ചേരുമെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയും. അത് സുരക്ഷാസൗകര്യമൊരുക്കുന്നതിന് സഹായിക്കും. ഡിജിറ്റല്‍ സംവിധാനത്തെക്കുറിച്ച് ഇതര സംസ്ഥാനങ്ങളിലും വ്യാപക പ്രചാരം നല്‍കും. പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ചും പ്രചാരണം നടത്തും. സന്നിധാനത്ത് ക്യൂ നില്‍ക്കുമ്പോഴുള്ള തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് നടപടി സ്വീകരിക്കും. സ്ത്രീകള്‍ കൂടുതലായി എത്തുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വനിതാ പോലീസുകാരെ നിയോഗിക്കും. സന്നദ്ധ പ്രവര്‍ത്തകരായി സ്ത്രീകളെക്കൂടി ഏര്‍പ്പെടുത്തും. ശബരിമല പാതകളില്‍ വെളിച്ചത്തിന് കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതാണ്. കൂട്ടംതെറ്റുന്നവരെ കണ്ടെത്തുന്നതിന് സംവിധാനം ഉണ്ടാക്കും. കൂടുതല്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കും. ഇടത്താവളങ്ങളിലും വനിതാ പോലീസുകാരുണ്ടാവും. നിലയ്ക്കലില്‍ പതിനായിരം ടോയിലറ്റുകള്‍ സ്ഥാപിക്കും. കെ. എസ്. ആര്‍. ടി. സി നിലയ്ക്കലില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം കാത്തിരിപ്പു കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. 15 കംഫര്‍ട്ട് സ്റ്റേഷനുകളുണ്ടാവും. ഇവിടെ 15 കൗണ്ടറുകളിലൂടെ ടിക്കറ്റ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ അഞ്ചെണ്ണം സ്ത്രീകള്‍ക്കായി അനുവദിക്കും. വനിതാ കണ്ടക്ടര്‍മാരും ഇവിടെ ഡ്യൂട്ടിയിലുണ്ടാവും. കെ. എസ്. ആര്‍. ടി. സി ബസുകളില്‍ 25 ശതമാനം സീറ്റുകള്‍ ശബരിമലയിലേക്കുള്ള സ്ത്രീ തീര്‍ത്ഥാടകര്‍ക്കായി റിസര്‍വ് ചെയ്യും. സ്ത്രീകള്‍ ഇല്ലെങ്കില്‍ മാത്രമേ പുരുഷന്‍മാരെ ഈ സീറ്റുകളിലിരിക്കാന്‍ അനുവദിക്കൂ. 20 ലക്ഷം ലിറ്റര്‍ വെള്ളം എത്തിക്കുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചിരുന്നത്. സ്ത്രീകള്‍ കൂടുതലായി എത്തുമെന്നതിനാല്‍ അഞ്ച് ലക്ഷം ലിറ്റര്‍ അധിക വെള്ളം സംഭരിക്കുന്നതിന് നടപടിയെടുക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, സെക്രട്ടറി എം. ശിവശങ്കര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ. രാഘവന്‍, കെ. പി. ശങ്കര്‍ദാസ്, കമ്മീഷണര്‍ എന്‍. വാസു, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, സെക്രട്ടറിമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

You might also like

-