ധീരജ് കൊലപാതകം പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കേസ് പ്രത്യക സംഘം അന്വേഷിക്കും

കൊലപാതകത്തെക്കുറിച്ച് പൊലീസിന്‍റെ പ്രത്യേകാന്വേഷണസംഘം അന്വേഷിക്കും.

0

കട്ടപ്പന : ഇടുക്കി പൈനാവ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി.പ്രതികളെ ഈ മാസം 25 വരെ കട്ടപ്പന കോടതി റിമാൻഡ് ചെയ്തു. പന്ത്രണ്ട് മണിയോടെയാണ് ധീരജ് വധക്കേസിലെ പ്രതികളായ നിഖിൽ പൈലിയെയും ജെറിൻ ജോജോയെയും കട്ടപ്പന കോടതിയിൽ ഹാജരാക്കിയത്. കോടതി കവാടത്തിൽ കാത്തു നിന്ന സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ പൊലീസ് വാഹനം കണ്ടപ്പോൾ മുദ്രാവാക്യം വിളിച്ച് വാഹനം തടയാൻ പാഞ്ഞടുത്തു. മുദ്രാവാക്യം വിളിച്ചു. പ്രതികളെ അസഭ്യം വിളിക്കുകയും ചെയ്തു.സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉടൻ പ്രവർത്തകരെ തടഞ്ഞ് വാഹനം കോടതി വളപ്പിലേക്ക് കടത്തിവിട്ടു. കോടതി വളപ്പിലേക്ക് പ്രവർത്തകരെ കയറാൻ അനുവദിച്ചില്ല. കൊലപാതകത്തെക്കുറിച്ച് പൊലീസിന്‍റെ പ്രത്യേകാന്വേഷണസംഘം അന്വേഷിക്കും.

“കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടു കൂടിയാണ് അമൽ, ധീരജ്, അർജുൻ എന്നിവരുടെ ഇടനെഞ്ചിൽ ആഞ്ഞ് കുത്തിയത്. മരണം സംഭവിക്കുമെന്നുള്ള അറിവോടു കൂടി കൈയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് നിഖിൽ പൈലി ധീരജിന്റെ ഇടതു നെഞ്ച് ഭാഗത്ത് ആഞ്ഞുകുത്തി കുത്തി കൊലപ്പെടുത്തി.കേസിൽ ഒന്ന് മുതൽ 6 വരെയുള്ള പ്രതികൾ KSU- യൂത്ത് കോൺഗ്രസ് സജീവ പ്രവർത്തകരാണ്. രണ്ടു പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ബാക്കി ഉള്ളവർ ഒളിവിലാണെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നു
പ്രതികളെ കോടതിയിൽ എത്തിച്ചപ്പോഴുണ്ട സംഘർഷം ഉണ്ടായത്”

അന്യായമായി സംഘം ചേർന്ന് എത്തിയ യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകർ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെത്തന്നെയാണ് ധീരജിനെയും അമലിനെയും കുത്തിയതെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം സെക്രട്ടറി നിഖിൽ പൈലിയാണ് കുത്തിയത് എന്ന് പറയുന്ന റിമാൻഡ് റിപ്പോർട്ട്, സ്ഥലത്ത് കെഎസ്‍യു നേതാവ് ജെറിൻ ജോജോ ഉണ്ടായിരുന്നുവെന്നും പറയുന്നു. മറ്റ് നാല് പ്രതികളും ഒളിവിലാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

“ഗവ. എൻജിനീയറിംഗ് കോളേജ് മെയിൻ ഗേറ്റിന്റെ സമീപം പത്താം തീയതി ഉച്ചക്ക് 1.15 മണിയോടു കൂടി കോളേജ് ഇലക്ഷനോടനുബന്ധിച്ചാണ് സംഭവം ഉണ്ടായത്‌. കോളേജിനുള്ളിലേക്ക് കോളേജ് വിദ്യാർത്ഥികളല്ലാത്തവർ ആരും പ്രവേശിക്കരുതെന്ന് പറഞ്ഞ ഇടുക്കി ഗവ എൻജിനീയറിംഗ് കോളേജിലെ എസ്. എഫ്. ഐ (SFI) പ്രവർത്തകരായ അമൽ, ധീരജ്’, അർജുൻ എന്നിവരെ കഠിന ദേഹോപദ്രവം ഏൽപ്പിക്കണമെന്നും കൊലപ്പെടുത്തണമെന്നുമുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി ഒന്ന് മുതൽ 6 പ്രതികൾ കോളജിൽ എത്തിയത്.ഇവർ സുഹൃത്തുക്കളായ അമൽ, ധീരജ്, അർജുൻ എന്നിവരെ കയ്യേറ്റം ചെയ്യുകയും ഒന്നാം പ്രതി നിഖിൽ തന്റെ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്നതും ഉപയോഗിച്ചാൽ മരണം വരെ സംഭവിക്കാവുന്ന കത്തി കൊണ്ട് അർജുന്റെ ഇടതു കക്ഷത്തിന്റെ താഴെയും ഇടതു നെഞ്ചു ഭാഗത്തും കുത്തി. സുഹൃത്തായ അമലിന്റെ വലതു നെഞ്ചു ഭാഗത്തും കഴുത്തിന്റെ ഇടതു ഭാഗത്തും കുത്തി കൊലപ്പെടുത്തുവാൻ ശ്രമിച്ചു.കുത്തിയ ശേഷം ജില്ലാ പഞ്ചായത്ത് ഭാഗത്തേക്ക് ഓടിപ്പോകുവാൻ ശ്രമിച്ച നിഖിലിനെ പിടിച്ചുനിർത്താൻ ശ്രമിച്ച ധീരജിനെ ഒന്നാം പ്രതി ഇടുക്കി പട്ടികജാതി വികസന ഓഫീസിന്റെ മുൻവശം റോഡിൽ വെച്ച് കയ്യിലിരുന്ന കത്തി കൊണ്ട് നെഞ്ച് ഭാഗത്ത് കുത്തി കൊലപ്പെടുത്തിയെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നു.”

എന്നാൽ കൂട്ടം കൂടി നിരവധി പേർ തന്നെ ആക്രമിക്കാൻ വന്നപ്പോൾ ഓടി രക്ഷപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് നിഖിൽ പൈലി കോടതിയിൽ പറഞ്ഞു . ഓടി രക്ഷപ്പെട്ട താനാണ് അടി നടക്കുന്ന വിവരം പൊലീസിനെ അറിയിച്ചതെന്നും, ധീരജിനെയും കൊണ്ട് വാഹനം കടന്നുപോകുന്നത് വരെ കത്തിക്കുത്ത് നടന്നത് അറിഞ്ഞിട്ടേയില്ലെന്നും ജെറിൻ ജോജോ കോടതിയിൽ പറഞ്ഞു.

കൊലയ്ക്ക് ഉപയോഗിച്ച കത്തി ഓടി രക്ഷപ്പെടുന്നതിനിടയിൽ കാട്ടിൽ എറിഞ്ഞു കളഞ്ഞുവെന്നാണ് നിഖിൽ പൈലി പൊലീസിന് മൊഴി നൽകിയത്. നിഖിലിനെയുമായി പൊലീസ് ഇടുക്കി കളക്ടറേറ്റിന് മുന്നിലെ റോഡിലും കുറ്റിക്കാട്ടിലും തെരച്ചിൽ നടത്തിയെങ്കിലും കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്താനായില്ല. കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് നാളെ കോടതിയിൽ അപേക്ഷ നൽകും. എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്‍റെ കൊലയ്ക്ക് പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്നാണ് സിപിഎം ആരോപണം. കോളേജിന് പുറത്ത് നിന്നെത്തിയവർ ഒറ്റക്കുത്തിനാണ് ധീരജിനെ കൊന്നത്. പരിശീലനം കിട്ടിയവരാണ് ആക്രമണം നടത്തിയത്. ഇതെല്ലാം ആസൂത്രിതമാണെന്നും സിപിഎമ്മും എസ്എഫ്ഐയും ആരോപിച്ചു. ഇതോടെയാണ് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. കേസിൽ ഒളിവിലുള്ള പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.അതേസമയം, ധീരജിനൊപ്പം കുത്തേറ്റ് ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള അഭിജിത്തിനെ തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. നെഞ്ചിലെ മുറിവിൽ പഴുപ്പ് കണ്ടത്തിയതിനെ തുടർന്നാണ് തീരുമാനം. അഭിജിത്തിനും നെഞ്ചിലാണ് കുത്തേറ്റത്.

You might also like

-