ചാലക്കുടിയിൽ ഇന്നസെന്‍റിനെതിരെ ഡിജിപി ജേക്കബ് തോമസ് ട്വന്‍റി 20 സ്ഥാനാർത്ഥി
ചാലക്കുടി മണ്ഡലത്തിൽ നിന്ന് കിഴക്കമ്പലം കേന്ദ്രമായി പ്രവർത്തിക്കുന്ന ട്വന്‍റി 20 മുന്നണിയുടെ സ്ഥാനാർഥിയായാണ് ജേക്കബ് തോമസ് മത്സരിക്കുന്നത് . നടി ആക്രമിക്കപ്പെട്ട കേസിലെ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഇടത് സ്ഥാനാർഥി ഇന്നസെന്‍റിനെതിരെയാകും ജേക്കബ് തോമസിന്‍റെ പ്രധാനപ്രചാരണം.
തിരുവനന്തപുരം: സർക്കാർ നടപടി നേരിടുന്ന ഡിജിപി ജേക്കബ് തോമസ് തെരഞ്ഞെടുപ്പിൽ മത്സരിക്കും. ചാലക്കുടി മണ്ഡലത്തിൽ നിന്ന് കിഴക്കമ്പലം കേന്ദ്രമായി വർത്തിക്കുന്ന ട്വന്‍റി 20 മുന്നണിയുടെ സ്ഥാനാർഥിയായാണ് ജേക്കബ് തോമസ് മത്സരിക്കുന്നത് . നടി ആക്രമിക്കപ്പെട്ട കേസിലെ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഇടത് സ്ഥാനാർഥി ഇന്നസെന്‍റിനെതിരെയാകും ജേക്കബ് തോമസിന്‍റെ പ്രധാനപ്രചാരണം.ഐപിഎസില്‍നിന്ന് അദ്ദേഹം ഉടന്‍ രാജിവയ്ക്കുമെന്നാണ് വിവരം. നിലവില്‍ കിഴക്കന്പലം പഞ്ചായത്ത് ഭരിക്കുന്നത് ട്വന്‍റി 20 കൂട്ടായ്മയാണ്. 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിന് ഒന്നര വര്‍ഷത്തോളം സര്‍വീസ് ബാക്കി നില്‍ക്കെയാണ് പുതിയ നീക്കം. അഴിമതിക്കെതിരെ പോരാടുന്നതിനാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നതെന്ന് ജേക്കബ് തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2017 ഡിസംബര്‍ മുതല്‍ സര്‍വീസില്‍നിന്നു ജേക്കബ് തോമസ് സസ്പെന്‍ഷനിലാണ്.
കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് സസ്പെൻഷനിലുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ, അതും ഡിജിപി റാങ്കിലുള്ളയാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നത്.കേരളാ കാഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥൻ നിലവിൽ ജേക്കബ് തോമസാണ്. എന്നാൽ 2017 ഡിസംബർ മുതൽ ജേക്കബ് തോമസ് സസ്പെൻഷനിലാണ്. ജോലി രാജിവച്ചാണിപ്പോൾ ജേക്കബ് തോമസ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.
കിഴക്കമ്പലം പഞ്ചായത്തിൽ നല്ല സ്വാധീനമുള്ള കൂട്ടായ്മയാണ് ട്വന്‍റി 20. പ്രാദേശികതെരഞ്ഞെടുപ്പിൽ സീറ്റുകൾ വാരുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇടത് മുന്നണി സ്ഥാനാർഥി ഇന്നസെന്‍റിന് ഒരു വെല്ലുവിളിയുയർത്താൻ ജേക്കബ് തോമസിന് കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ.
ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അടുത്ത വൃത്തങ്ങളിലുള്ളയാളായിരുന്നു ജേക്കബ് തോമസ്. കഴിഞ്ഞ യുഡിഎഫ് സർക്കാരിനെതിരായി ജേക്കബ് തോമസ് ഉന്നയിച്ച ആരോപണങ്ങളെല്ലാം തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്കും നേട്ടമായിരുന്നു. വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിക്കാനുള്ള സുപ്രധാനനീക്കവും സർക്കാർ നടത്തി. എന്നാൽ ഇ പി ജയരാജന്‍റെ ബന്ധുനിയമനക്കേസിൽ ജേക്കബ് തോമസ് പിടിമുറുക്കിയതോടെ ഇടത് സർക്കാരിന്‍റെ മുഖം കറുത്തു. ജേക്കബ് തോമസ് സർക്കാരിന് അനഭിമതനായി.
ആദ്യം വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റി. പിന്നെ തുടരെത്തുടരെ മൂന്ന് സസ്പെൻഷനുകൾ. ആദ്യ സസ്പെൻഷൻ ഓഖി ദുരന്തത്തിൽ സർക്കാരിന് പാളിച്ച പറ്റിയെന്ന പ്രസംഗത്തിന്‍റെ പേരിൽ. രണ്ടാമത്തേത് അനുവാദമില്ലാതെ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകമെഴുതിയതിന്. മൂന്നാമത്തേതാകട്ടെ, സംസ്ഥാനത്തെ നിയമവാഴ്ച തകരാറിലാണെന്ന പ്രസ്താവനയെത്തുടർന്ന്.
ജേക്കബ് തോമസിന്‍റെ ആദ്യസസ്പെൻഷൻ കഴിഞ്ഞ വർഷം ഡിസംബർ 20-നായിരുന്നു. ഇത് കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. സസ്പെൻഷൻ ഉത്തരവും അതിനുളള കാരണങ്ങളും കേന്ദ്രത്തെ സമയബന്ധമായി അറിയാക്കാത്തതു കൊണ്ടായിരുന്ന കേന്ദ്രസർക്കാർ സസ്പെൻഷൻ അംഗീകാരിക്കാതിരുന്നത്. ജേക്കബ് തോമസ് സർവ്വീസിലേക്ക് തിരിച്ചുവരാനിടയായപ്പോള്‍ സർക്കാരിന്‍റെ അനുവാദമില്ലാതെ പുസ്കമെഴുതിയതിന് വീണ്ടും ജേക്കബ് തോമസിനെ സസ്പെന്‍റ് ചെയ്തു. ഇടത് സർക്കാരുമായി ഇടഞ്ഞതുൾപ്പടെയുള്ള വിവാദവിഷയങ്ങൾ വിശദമായി എഴുതിയ പുസ്തകമായിരുന്നു ഇത്.
സംസ്ഥാനത്ത് നിയമവാഴ്ച തകരാറിലാണെന്ന പ്രസ്താവനയെത്തുടർന്ന് 2017 ഡിസംബറിൽ ഐഎംജി ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സർക്കാർ മൂന്നാമതും സസ്പെൻഡ് ചെയ്തു. പിന്നീട് സസ്പെൻഷൻ കാലാവധി സർക്കാർ തുടർച്ചയായി നീട്ടുകയായിരുന്നു.