മത ഭ്രാന്തിൽ കത്തി അമർന്നു ഡൽഹി മരണ സംഖ്യ 14
മാധ്യമ പ്രവർത്തകരും ആക്രമിക്കപ്പെട്ടു. പൊലീസ് സംരക്ഷണമില്ലാത്തതിനാൽ അക്രമം ഭയന്ന് പലരും വീടിന് പുറത്തിറങ്ങുന്നില്ല. കലാപമേഖലയിൽ ഒരുമാസത്തേക്ക് നിരോധനാജ്ഞയും മൗജ്‌പൂർ, ജഫ്രബാദ്, ചന്ദ്‌ബാഗ്, കരാവൽ നഗർ എന്നിവിടങ്ങളിൽ നിശാനിയമവും പ്രഖ്യാപിച്ചു
ഡൽഹി :മത ഭ്രാന്തന്മാർ അഴിഞ്ഞാടിയ രാജ്യതലസ്ഥാനത്ത് തുടരുന്ന വർഗീയ കലാപത്തിൽ 14 പേർ കൊല്ലപ്പെട്ടു. പൊലീസുകാർ ഉൾപ്പെടെ ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റു. വടക്കു കിഴക്കൻ ഡൽഹിയിൽ നാലാം ദിവസവും കൊലപാതകവും കൊള്ളയും തടയാനായില്ല. കേന്ദ്രആഭ്യന്തരമന്ത്രി അമിത്‌ഷായുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നെങ്കിലും കലാപമേഖലയിൽ പൊലീസ് പതിവുപോലെ കാഴ്‌ചക്കാരായി.മാധ്യമ പ്രവർത്തകരും ആക്രമിക്കപ്പെട്ടു. പൊലീസ് സംരക്ഷണമില്ലാത്തതിനാൽ അക്രമം ഭയന്ന് പലരും വീടിന് പുറത്തിറങ്ങുന്നില്ല. കലാപമേഖലയിൽ ഒരുമാസത്തേക്ക് നിരോധനാജ്ഞയും മൗജ്‌പൂർ, ജഫ്രബാദ്, ചന്ദ്‌ബാഗ്, കരാവൽ നഗർ എന്നിവിടങ്ങളിൽ നിശാനിയമവും പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തിനായി വൻ സുരക്ഷ ഒരുക്കിയിരിക്കെ കലാപം തുടരുന്നത് രാജ്യത്തിന് അപമാനമായി.
മരിച്ചവരിൽ ഹെഡ് കോൺസ്‌റ്റബിൾ രത്തൻലാൽ, ഷാഹിദ് ഖാൻ, മുഹമ്മദ് ഫുർഖാൻ, നസീം, രാഹുൽ സോളങ്കി, വിനോദ് എന്നിവരെ തിരിച്ചറിഞ്ഞു. വെടിയേറ്റാണ് പലരും മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്‌ച നാലുപേരെ മരിച്ച നിലയിൽ ജിടിബി ആശുപത്രിയിൽ എത്തിച്ചു. 150 പേരെ പരിക്കുകളോടെ പ്രവേശിപ്പിച്ചു. 50 ശതമാനം പേരുടെയും പരിക്ക് വെടിയേറ്റാണെന്ന് ഡോക്‌ടർമാർ പറഞ്ഞു.
ജഫ്രാബാദ്, മൗജ്‌പൂർ, ബാബർപുർ, ചാന്ദ്ബാഗ്, ഖുറേജി ഖാസ്, ഗോകുൽപുരി, ബജൻപുര, യമുനവിഹാർ, കബീർനഗർ, ഹോസ്റാണി, ഖസൂരി ഖാസ്, കരാവൽ നഗർ, ഗാമ്രി, പട്‌പർഗഞ്ച്, ഇന്ദ്രപ്രസ്ഥ എക്‌സ്‌റ്റൻഷൻ എന്നിവിടങ്ങളിലെല്ലാം ചൊവ്വാഴ്‌ച അക്രമമുണ്ടായി. രാത്രി വൈകിയും സംഘർഷംതുടർന്നു.
അശോക് വിഹാറിൽ അക്രമികൾ മുസ്ലിം പള്ളിക്ക് തീയിട്ടു. ജയ്‌ശ്രീറാം മുഴക്കിയെത്തിയ സംഘം സമീപത്തെ കടകൾ കൊള്ളയടിച്ചു. മതം തിരഞ്ഞാണ് അക്രമം. തോക്കും കല്ലും വടികളുമായി ഗലികൾതോറും കയറി ആക്രമിക്കുകയാണ്. അക്രമികൾ ആംബുലൻസുകളും അഗ്നിശമനസേനാ വാഹനങ്ങളും തടഞ്ഞു. പരിക്കേറ്റ പലരേയും ബൈക്കുകളിലാണ് ആശുപത്രികളിലെത്തിച്ചത്. സംഘർഷം നിയന്ത്രിക്കാൻ ആവശ്യത്തിന് സേനാംഗങ്ങളില്ലെന്ന് നിസ്സംഗത തുടരുന്ന ഡൽഹി പൊലീസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു.
സൈന്യത്തെ വിളിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി. ഡൽഹി പൊലീസിന്റെ ആയിരത്തോളം സായുധ സംഘത്തെയും 35 കമ്പനി അർധസൈനികർ, ദ്രുതകർമസേന തുടങ്ങിയവരെയും നിയോഗിച്ചു. ഇതുവരെ 11 കേസെടുത്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പരിക്കേറ്റവരെ സന്ദർശിച്ചു.
കലാപം തുടരുന്നതിനിടെ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ 24 മണിക്കൂറിനിടെ മൂന്നാം തവണയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പുതുതായി നിയമിക്കപ്പെട്ട ദില്ലി സ്‌പെഷ്യല്‍ കമ്മീഷണര്‍ എസ്.എന്‍ ശ്രീവാസ്തവയും ദില്ലി പൊലീസിലേയും കേന്ദ്ര അഭ്യന്തരമന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. യോഗം മൂന്ന് മണിക്കൂറോളം നീണ്ടു.
അര്‍ധരാത്രിയോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ നേരിട്ട് സംഘര്‍ഷ മേഖലയിലിറങ്ങി. സീമാപൂരില്‍ എത്തിയ അജിത്ത് ഡോവല്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.