പൗരത്വ നിയമ ഭേദഗതിയെ ചൊല്ലിയുണ്ടായ സംഘർഷം ഡൽഹിയിൽ നാലുമരണം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും അനുകൂലികളും തമ്മിലാണ് തിങ്കളാഴ്ച വീണ്ടും സംഘർഷമുണ്ടായത്. കല്ലേറിൽ പരിക്കേറ്റ ഹെഡ്കോണ്‍സ്റ്റബിള്‍ രത്തൻലാലാണ് കൊല്ലപ്പെട്ട പൊലീസുകാരൻ.
ഡൽഹി മൗജ്പൂരിലുണ്ടായ സംഘർഷത്തിൽ മരണം നാലായി. ഒരു പൊലീസ് കോൺസ്റ്റബിളും മൂന്ന് പ്രദേശവാസികളുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റവരിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു.. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും അനുകൂലികളും തമ്മിലാണ് തിങ്കളാഴ്ച വീണ്ടും സംഘർഷമുണ്ടായത്. കല്ലേറിൽ പരിക്കേറ്റ ഹെഡ്കോണ്‍സ്റ്റബിള്‍ രത്തൻലാലാണ് കൊല്ലപ്പെട്ട പൊലീസുകാരൻ. വൈകീട്ടോടെയാണ് തദ്ദേശവാസിയായ മുഹമ്മദ് ഫുർഖാൻ കൊല്ലപ്പെട്ട വിവരം പുറത്തുവന്നത്. ക്രൂരമായ ശാരീരിക മർദനമേറ്റതിനെ തുടർന്നാണ് ഫുർഖാൻ കൊല്ലപ്പെട്ടത്.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും തെരുവിലിറങ്ങിയവര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ നിരവധി വാഹനങ്ങള്‍ക്കും കടകള്‍ക്കും വീടുകള്‍ക്കും തീവെച്ചിരുന്നു. പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ലാത്തിചാർജ് നടത്തുകയും ചെയ്തിരുന്നു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വടക്ക് കിഴക്കൻ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് കിഴക്കൻ ഡൽഹിയിലെ പത്തിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നലെ വൈകിട്ടാണ് ഭജൻപുര, മൗജ്പൂർ എന്നിവിടങ്ങളിൽ പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി സംഘർഷം ഉടലെടുത്തത്. നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. കല്ലേറുണ്ടായ ആക്രമണത്തിൽ ഒരു ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. ഡൽഹി പൊലീസ് ഉദ്യോഗസ്ഥന്റെ നേർക്ക് പ്രക്ഷോഭത്തിനിടെ ഒരാൾ തോക്കുമായി ഓടിയെത്തി. പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വേണ്ടി കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. തുടർന്ന് സമാധാനം പുനഃസ്ഥാപിക്കാൻ അർധസൈനികരും രംഗത്തിറങ്ങിയിരുന്നു.