കൈത്താങ്ങായി കേരള ഹൗസ്, 22.45 ടൺ മരുന്നുകൾ കേരളത്തിലെത്തിക്കും
ഡെൽഹിയിലെ കേരള ഹൗസ് എത്തിക്കുന്നത് 22.45 ടൺ മരുന്നുകളും മെഡിക്കൽ സാമഗ്രികളും. ഇന്ന് രാത്രിയോടെ 12 ടൺ മരുന്നുകൾ കൊച്ചിയിലെത്തും.
ഡൽഹി: കേരളത്തിലേയ്ക്ക് ഡെൽഹിയിലെ കേരള ഹൗസ് എത്തിക്കുന്നത് 22.45 ടൺ മരുന്നുകളും മെഡിക്കൽ സാമഗ്രികളും. ഇന്ന് രാത്രിയോടെ 12 ടൺ മരുന്നുകൾ കൊച്ചിയിലെത്തും. ഇതിൽ ആദ്യത്തെ കൺസൈൻമെന്റായി ആറു ടൺ മരുന്നുകൾ രാവിലെ (16/08/19) കൊച്ചിയിലെത്തിച്ചു. തുടർന്നുള്ള ആറു ടൺ കൂടി രാത്രിയോടെ കൊച്ചിയിലെത്തിക്കും.
മരുന്നുകൾ അയയ്ക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ കേരള ഹൗസ് സ്‌പെഷ്യൽ ഓഫീസർ ഡോ. എ. സമ്പത്ത് വിലയിരുത്തി. മരുന്നുകൾ നാട്ടിലെത്തിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിട്ടുണ്ട്. ഇവ ഏറ്റുവാങ്ങാനും തിട്ടപ്പെടുത്താനും മറ്റുമായി കേരള ഹൗസ് ലെയ്സൺ വിങ്ങും മറ്റ് ഉദ്യോഗസ്ഥരും ജീവനക്കാരും റസിഡന്റ് കമ്മീഷണർ പുനീത് കുമാർ, ലെയ്സൺ ഓഫീസർ ഡി. രാഗേഷ് എന്നിവരുടെ നേതൃത്വത്തിൽ രാപ്പകൽ പ്രവർത്തന നിരതമാണ്. വിസ്താര, എയർ ഇന്ത്യ എന്നിവയുടെ ഡെൽഹി – കൊച്ചി ഫ്ലൈറ്റുകളിലാണ് ഇവ എത്തിച്ചുകൊണ്ടിരിക്കുന്നത്.
ഇൻസുലിൻ, ഗ്ലൗസുകൾ, ആന്റിബയോട്ടിക്കുകൾ, ഒ.ആർ.എസ്. എന്നിവ ഉൾപ്പെടെയുള്ള കാർട്ടനുകളാണ് അയച്ചിട്ടുള്ളത്. അടുത്ത കൺ സൈൻമെന്റ് ഇന്ന് (16/08/19) ഉച്ചകഴിഞ്ഞ്3.30 ഓടെ അയച്ചു.
ചണ്ഢിഗഡിൽ നിന്നും ഭോപ്പാലിൽ നിന്നും ഡെൽഹിയിലെത്തിച്ചിട്ടാണ് വിമാനമാർഗ്ഗം മരുന്നുകൾ കൊച്ചിയിലെത്തിക്കുന്നത്.
ആന്റിബയോട്ടിക്കുകളും ഇൻസുലിനും ഉൾപ്പെടെയുള്ള അവശ്യമരുന്നുകളുടെ കൺസൈൻമെൻറ് ആറു sൺ വീതം തുടർന്നുള്ള ദിവസങ്ങളിലും കൊച്ചിയിലെത്തും. 400 കാർട്ടനുകളിലായി മൂന്നു ടൺ ഇൻസുലിൻ ഉൾപ്പെടെ 2051 കാർട്ടൻ മരുന്നുകളാണ് കേരളത്തിലെത്തുക. ഇതിനു പുറമെ ഒരു കോടി ക്ലോറിൻ ടാബ്‌ലറ്റുകളും കേരളത്തിലേയ്ക്ക് അയയ്ക്കും.കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ അഭ്യർത്ഥപ്രകാരം മരുന്നുകൾ ലഭ്യമാക്കുന്നത്.
കേരളത്തിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കുന്നതിന് കേരള ഹൗസിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിൽ ചെക്കായും ഡിമാൻഡ് ഡ്രാഫ്റ്റായും ധനസഹായം എത്തിക്കാമെന്നും ഡോ. എ സമ്പത്ത് അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കാണ് സംഭാവന നൽകേണ്ടത്.