ഡൽഹിയിൽ മഴ റോഡുകളിൽ പ്രളയം. ഗതാഗതം സ്തംഭിച്ചു

ഡൽഹിയിൽ സെപ്തംബര്‍ മാസം ഇത്രയും കൂടിയ മഴ ലഭിക്കുന്നത് 2011 ന് ശേഷം ഇതാദ്യമായാണ്

0

ഡൽഹി : കനത്തമഴയെത്തുടര്‍ന്ന് ദില്ലിയില്‍ ഗതാഗതം സ്തംഭിച്ചു.
ഉച്ചയ്ക്ക് ശേഷം ആരംഭിച്ച മഴയില്‍ ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വെള്ളം കയറി വ്യോമഗതാഗതം താറുമാറായി.വിമാനങ്ങള്‍ ചുരുങ്ങിയത് 45 മിനിട്ടെങ്കിലും വൈകിയാണ് പുറപ്പെടുന്നത്. രാത്രിവരെ തല്‍സ്ഥിതി തുടരുമെന്ന് വിമാനകമ്പനികള്‍ അറിയിച്ചു. കമ്പനികളുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായ സമയത്ത് യാത്രക്കാര്‍ വിമാനത്തവളത്തിലെത്തിയാല്‍ മതിയെന്ന് കമ്പനികള്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.മഴയെത്തുടര്‍ന്ന് മുംബൈ ഹൈദരാബാദ്, ശ്രീനഗര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകുകയോ വഴിതിരിച്ച് വിടുകയോ ചെയ്യേണ്ട സാഹചര്യമുണ്ടായി.

റോഡ് ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. പ്രധാന റോഡുകളില്‍ വെള്ളം കയറിയതിനാല്‍ മറ്റ് റോഡുകള്‍ തെരഞ്ഞെടുക്കാന്‍ യാത്രക്കാര്‍ക്ക് ദില്ലി പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ദില്ലിയില്‍ കുറഞ്ഞ താപനില 26.6 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 34.4 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാളെയും തല്‍സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഡൽഹിയിൽ സെപ്തംബര്‍ മാസം ഇത്രയും കൂടിയ മഴ ലഭിക്കുന്നത് 2011 ന് ശേഷം ഇതാദ്യമായാണ്

You might also like

-