മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം

ജാമ്യം നൽകിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇഡി ആവശ്യം കോടതി തള്ളി. നിയമപരമായ വഴികൾ കൂടി പരിശോധിക്കാൻ സമയം നൽകണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. കേസിൽ നേരത്തെ അറസ്റ്റിലായ പ്രതിയാണ് ​ഗോവയിൽ കെജ്രിവാളിന്റെ ഹോട്ടൽ ബില്ല് അടച്ചതെന്നും, ഇയാൾ വ്യവസായികളിൽ നിന്നും വൻ തുക കൈപ്പറ്റിയെന്നും ഇഡി കോടതിയിൽ ആരോപിച്ചിരുന്നു.

0

ഡൽഹി |മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വിചാരണ കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി നാളെ മൂന്ന് മാസം തികയാനിരിക്കെയാണ് വിചാരണ കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിൽ കെജ്രിവാളിൻ്റെ വാദങ്ങൾ ശരിവെക്കുന്നതാണ് വിചാരണ കോടതിയുടെ നിലപാട്. ഡൽഹി റൗസ് അവന്യൂ കോടതി ജഡ്ജി ന്യായ് ബിന്ദുവാണ് ജാമ്യം അനുവദിച്ചത്. ഇന്ന് കേസിൽ കോടതി വാദം കേട്ടിരുന്നു. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവെക്കണം. ജാമ്യം നൽകിയ ഉത്തരവ് റദ്ദാക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി തള്ളി. അരവിന്ദ് കെജ്‍രിവാൾ നാളെ പുറത്തിറങ്ങും. സത്യത്തെ പരാജയപ്പെടുത്താൻ സാധിക്കില്ലെന്ന് ജാമ്യം ലഭിച്ചതിൽ ആം ആദ്മി പാർട്ടി പ്രതികരിച്ചു.

ജാമ്യം നൽകിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇഡി ആവശ്യം കോടതി തള്ളി. നിയമപരമായ വഴികൾ കൂടി പരിശോധിക്കാൻ സമയം നൽകണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. കേസിൽ നേരത്തെ അറസ്റ്റിലായ പ്രതിയാണ് ​ഗോവയിൽ കെജ്രിവാളിന്റെ ഹോട്ടൽ ബില്ല് അടച്ചതെന്നും, ഇയാൾ വ്യവസായികളിൽ നിന്നും വൻ തുക കൈപ്പറ്റിയെന്നും ഇഡി കോടതിയിൽ ആരോപിച്ചിരുന്നു. മലയളിയായ പ്രതി വിജയ് നായരാണ് കെജ്രിവാളിന്റെ നിർദേശപ്രകാരം അഴിമതി പണം കൈകാര്യം ചെയ്തത്, ആംആദ്മി പാർട്ടിയാണ് തെറ്റ് ചെയ്തതെങ്കിൽ ആ പാർട്ടിയുടെ തലവനും കുറ്റക്കാരനാണെന്നും ഇഡി കോടതിയിൽ വാദിച്ചു.

ഇഡി ഊഹാപോഹങ്ങൾ ആരോപണങ്ങളായി ഉന്നയിക്കുകയാണെന്ന് കെജ്രിവാളിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. വിജയ് നായർക്ക് നിർദേശങ്ങൾ നൽകിയതിന് തെളിവില്ല. ജാമ്യം നിബന്ധനകൾക്ക് വിധേയമായ തടവ് തന്നെയാണെന്നും, മുഖ്യമന്ത്രിയെന്ന നിലയിൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ ജാമ്യം നൽകണമെന്നും കെജരിവാളിന്റെ അഭിഭാഷകൻ ഇന്ന് വാദിച്ചിരുന്നു.
മാര്‍ച്ച് 21നാണ് ദില്ലി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീം കോടതിയിൽ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. കെജ്‌രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കെജ്രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ജാമ്യകാലാവധി അവസാനിച്ച് ജൂൺ 2 ന് അദ്ദേഹം ജയിലിലേക്ക് മടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ചുക്കാൻ പിടിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ മടക്കം. 18 ദിവസത്തിന് ശേഷം കെജ്‍രിവാളിന് വീണ്ടും ജാമ്യം ലഭിച്ചിരിക്കുകയാണ്.

You might also like

-