ഡൽഹി സ്ഫോടനം സമഗ്രമായ അന്വേഷണം നടത്തും ,ആഭ്യന്തരമന്ത്രി അമിത്ഷാ

അന്വേഷണം വേഗത്തിലാക്കാൻ ഡൽഹി പൊലീസിനും എൻഐഎയ്ക്കും നിർദേശം നൽകി. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത്ഷായുമായി സംസാരിച്ചു. അമിത് ഷാ നിലവിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ അറിയിച്ചു.

ഡൽഹി| ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തി ആഭ്യന്തരമന്ത്രി അമിത്ഷാ. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും വസ്തുക്കൾ പരിശോധിച്ച് ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 10 മിനിറ്റിനകം സുരക്ഷാസേന സ്ഥലത്തെത്തി. സ്‌ഫോടനത്തിൽ കാൽനട യാത്രക്കാർക്കും പരുക്കേറ്റു. എഫ്‌എസ്‌എല്ലിനൊപ്പം എൻ‌എസ്‌ജി, എൻ‌ഐ‌എയും സമഗ്രമായ അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ എല്ലാ വശവും പരിശോധിക്കും. സംഭവ സ്ഥലത്ത് ഉടനെത്തുമെന്ന് അദ്ദേഹം അറിയിച്ചു.പൊട്ടിത്തെറിച്ച കാറിനുള്ളിൽ ഒന്നിലധികം പേരുണ്ടായിരുന്നുവന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പൊട്ടിത്തെറിച്ചത് ഐ 20 കാറിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറ‌ഞ്ഞു.

അതിനിടെ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു. അന്വേഷണം വേഗത്തിലാക്കാൻ ഡൽഹി പൊലീസിനും എൻഐഎയ്ക്കും നിർദേശം നൽകി. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത്ഷായുമായി സംസാരിച്ചു. അമിത് ഷാ നിലവിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ അറിയിച്ചു. ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായത് സാധാരണ നിലയിലുള്ള സ്ഫോടനം അല്ലെന്നാണ് ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. എൻഐഎ സംഘം രാസ പരിശോധനകൾ ആരംഭിച്ചു.
ഡൽഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപമുണ്ടായ സ്ഫോടനം അങ്ങേയറ്റം വേദനാജനകവും അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നതായും പറഞ്ഞു

സ്ഫോടനത്തിൽ 10 പേർ മരിച്ചതായാണ് സ്ഥിരീകരണം. 26 പേർക്ക് പരുക്കേൽക്കുകയും അതിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നുമാണ് വിവരം. മരിച്ചവരുടെ മൃതദേഹങ്ങൾ എൽഎൻജെപി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സ്ഫോടനത്തെ തുടർന്ന് രാജ്യത്തുടനീളം ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡൽ​ഹിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സമീപ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ എല്ലാ മേഖലകളിലും സുരക്ഷ വർധിപ്പിച്ചു. പൊലീസ് പട്രോളിങ് വർധിപ്പിച്ചു.

അതേസമയം ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കേരളത്തിലും ജാ​ഗ്രതാ നിർദേശം. പരിശോധന നിർദേശം നൽകി എന്ന് ഡിജിപി റാവേഡ ചന്ദ്രശേഖർ  പറ‍ഞ്ഞു. പ്രധാന കേന്ദ്രങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കാൻ നിർദേശം നൽകി.

You might also like

-