തിരുവമ്പാടി സീറ്റ് അൻവറിന് വിട്ടു നൽകാൻ തീരുമാനം ?തിരക്കിട്ട കൂടിയാലോചന
കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറി ജയന്ത്, സിഎംപി നേതാവ് വിജയകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘമാണ് ഇന്ന് നിലമ്പൂരിലെത്തി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത്
മലപ്പുറം | നിലമ്പൂരിൽ മത്സരിക്കുമെന്ന തൃണമൂൽ കോൺഗ്രസിൻ്റെ ഭീഷണിയും, കോൺഗ്രസ് സ്ഥാനാർഥിയോടുള്ള പി.വി. അൻവറിൻ്റെ എതിർപ്പും ഫലം കണ്ടു. അൻവറിനെ അനുനയിപ്പിക്കാൻ ഒത്തുതീർപ്പുമായി യുഡിഎഫ്. തിരുവമ്പാടി സീറ്റ് അൻവറിന് വിട്ടു നൽകാൻ മുസ്ലീം ലീഗ് സമ്മതിച്ചിരിക്കുകയാണ്. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൻ്റെ നിർദേശ പ്രകാരം കോഴിക്കോട് DCC പ്രസിഡൻ്റ് അൻവറുമായി കൂടിക്കാഴ്ച നടത്തി . തിരുവമ്പാടി സീറ്റിൽ ഉറപ്പ് ലഭിച്ചാൽ അൻവർ എതിർപ്പ് പിൻവലിയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.നിലമ്പൂരിലെ തെരഞ്ഞെടുപ്പ് അങ്കത്തട്ടിൽ ആര്യാടൻ ഷൗക്കത്ത് എത്തിയതോടെ ഇടഞ്ഞ പി.വി. അൻവറിനെ അനുനയിപ്പിക്കാൻ ശ്രമിക്കുകയാണ് യുഡിഎഫ്. ഗുരുതര ആരോപണം സ്ഥാനാർഥിക്കെതിരെ ഉന്നയിച്ചിട്ടും അൻവറിനെ തള്ളാതെ കൂടെ നിർത്താനാണ് കോൺഗ്രസ് നീക്കം.
കുഞ്ഞാലിക്കുട്ടിയാണ് അനുനയ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. പി.വി. അൻവർ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ട പ്രകാരമായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ലീഗിൻ്റെ പക്കലുള്ള തിരുവമ്പാടി സീറ്റ് വേണമെന്ന് പി.വി. അൻവർ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചിരുന്നു. നിലവിൽ തിരുവമ്പാടി സീറ്റിൽ മത്സരിക്കുന്നത് ലീഗാണ്.യുഡിഎഫിനെ പിന്തുണയ്ക്കണമെങ്കിൽ തിരുവമ്പാടി സീറ്റിൽ ഉറപ്പ് വേണമെന്നായിരുന്നു അൻവറുടെ ആവശ്യം.
അന്‍വറിന്റെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനെ അസോസിയേറ്റ് ഘടകകക്ഷിയാക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചെങ്കിലും അംഗീകരിക്കാനാകില്ലെന്ന് അന്‍വര്‍ നിലപാടെടുത്തതോടെ നേതൃത്വം പ്രതിസന്ധിയിലായി. പൂര്‍ണ്ണ ഘടകകക്ഷിയാക്കി ഔദ്യോഗിക പ്രഖ്യാപനം നടത്തണമെന്നാണ് പി വി അന്‍വര്‍ മുന്നോട്ട് വെച്ചത്. രണ്ട് ദിവസത്തിനകം തീരുമാനം ആയില്ലെങ്കില്‍ മത്സരവുമായി മുന്നോട്ട് പോകുമെന്നും അന്‍വര്‍ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതായാണ് വിവരം.
കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറി ജയന്ത്, സിഎംപി നേതാവ് വിജയകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘമാണ് ഇന്ന് നിലമ്പൂരിലെത്തി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം, അന്‍വര്‍ യുഡിഎഫിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ‘ഹാപ്പിയായിട്ടാണ് മടക്കം’ എന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രവീണ്‍കുമാര്‍ പ്രതികരിച്ചത്.’ആര്യാടന്‍ ഷൗക്കത്ത് വിജയിക്കും. അന്‍വര്‍ യുഡിഎഫിനൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തീരുമാനം എടുക്കേണ്ടത് യുഡിഎഫും അന്‍വറുമാണ്. അനുനയിപ്പിക്കാന്‍ അദ്ദേഹം രോഷാകുലനല്ല. ഹാപ്പിയായിട്ടാണ് മടക്കം’, പ്രവീണ്‍ കുമാര്‍ പറഞ്ഞു.