കടമെടുപ്പ് പരിധിയില്‍ 3140.7 കോടിരൂപ വെട്ടിക്കുറക്കാനുള്ള തീരുമാനം ഒരു വര്‍ഷത്തേയ്ക്ക് മരവിപ്പിച്ചു .കേരളത്തിന് കൂടുതൽ വായ്‌പ്പാ എടുക്കാം
കിഫ്ബിയും പെന്‍ഷന്‍ കമ്പിനിയും എടുത്ത വായ്പയും സംസ്ഥാനത്തിന്റെ പോതുകടത്തിന്റെ ഗണത്തിൽ പെടുത്തേണ്ടതിനാൽ കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്നും 3140.7 കോടി രൂപ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നത്
തിരുവനന്തപുരം| സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്നും ഈ വര്‍ഷം 3140.7 കോടിരൂപ വെട്ടിക്കുറക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ഒരു വര്‍ഷത്തേയ്ക്ക് നീട്ടി. ഇതോടെ ഈ സാമ്പത്തിക വര്‍ഷം തീരുന്നതിന് മുമ്പ് ഇത്രയും തുക കടമെടുക്കാന്‍ കേരളത്തിന് സാധിക്കും . രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന കേരളത്തെ സംബന്ധിച്ച് ആശ്വാസകരമാണ് ഈ തീരുമാനം. മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്രസര്‍ക്കാരുമായി നിരന്തരം നടത്തിയ കത്തിടപാടുകളുടെ ഭാഗമായാണ് കേന്ദ്രം തീരുമാനം ഒരു വര്‍ഷത്തേയ്ക്ക് നീട്ടിയത്
കിഫ്ബിയും പെന്‍ഷന്‍ കമ്പിനിയും എടുത്ത വായ്പയും സംസ്ഥാനത്തിന്റെ പോതുകടത്തിന്റെ ഗണത്തിൽ പെടുത്തേണ്ടതിനാൽ കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്നും 3140.7 കോടി രൂപ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നത്. കേന്ദ്രത്തിന്റെ ഈ നടപടിക്കെതിരെ നവകേരള സദസ്സുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിവരുന്നത്.കേന്ദ്രത്തിന്റെ തീരുമാനത്തിന് പിന്നാലെ ഡിസംബര്‍ 19ന് 2,000 കോടി രൂപ കേരളം കടമെടുക്കും. ക്രിസ്തുമസ് പ്രമാണിച്ച് രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണത്തിനായാണ് സര്‍ക്കാര്‍ ഈ തുക കടമെടുക്കുന്നത്.
പെന്‍ഷന്‍ കമ്പനിയും കിഫ്ബിയും 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 9422.1 കോടി രൂപ കടമെടുത്താതായാണ് സിഎജിയുടെ കണക്ക്. ഈ കണക്ക് പ്രകാരമാണ് 2022-23 മുതല്‍ മൂന്നു വര്‍ഷങ്ങളിലായി കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്ന് 3140.7 കോടി രൂപ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.നിലവില്‍ ഈ വിഷയത്തില്‍ താല്‍ക്കാലിക ആശ്വാസമായെങ്കിലും അടുത്തവര്‍ഷം കേന്ദ്രത്തിന്റെ നിലപാട് എന്തായിരിക്കുമെന്നതില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്. നിലവില്‍ കേന്ദ്രം ഈ വര്‍ഷത്തേയ്ക്ക് അനുവദിച്ച 3140.7 കോടി രൂപ അടക്കം അടുത്ത വര്‍ഷം ഇരട്ടിയോളം തുക കടമെടുപ്പ് പരിധിയില്‍ നിന്ന് വെട്ടിക്കുറയ്ക്കുമോ എന്നാണ് കേരളത്തിന്റെ ആശങ്ക. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മൂന്ന് മാസങ്ങളില്‍ 3800 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രം അനുവാദം നല്‍കിയിരുന്നു. ഇതില്‍ 2000 കോടി കേരളം കഴിഞ്ഞ ആഴ്ച കടമെടുത്തിരുന്നു. 3140.7 കോടി രൂപ കൂടി കടമെടുക്കാന്‍ അനുവദിച്ചതോടെ ഈ സാമ്പത്തിക വര്‍ഷം 5000 കോടി രൂപയോളം കേരളത്തിന് കടമെടുക്കാന്‍ കഴിയും. ഇത് ഈ സാമ്പത്തിക വര്‍ഷത്തെ പ്രതിസന്ധികളെ ഒരുപരിധിവരെ തരണം ചെയ്യാന്‍ സര്‍ക്കാരിന് തുണയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.