ന്യൂ ഡൽഹി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി

അപകടത്തില്‍ റെയില്‍വേ ഉന്നതല സമിതി അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് അംഗ സമിതിയെ ആണ് നിയോഗിച്ചിരിക്കുന്നത്

ഡൽഹി |ന്യൂ ഡൽഹി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ചികിത്സയിലായിരുന്ന മൂന്നു പേര്‍ കൂടി പുലര്‍ച്ചെയോടെ മരിച്ചു. ഡൽഹി ലേഡി ഹാര്‍ഡിങ് ആശുപത്രിയിൽ എത്തിച്ച മൂന്നു പേരാണ് മരിച്ചത്. മരിച്ച 18 പേരിൽ അഞ്ചു പേര്‍ കുട്ടികളാണ്. മരിച്ചവരിൽ ഒമ്പത് സ്ത്രീകളുമുണ്ട്. 50ലധികം പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്.

പ്രയാഗ് രാജിലേക്ക് പോകുന്നതിനായി ന്യൂദില്ലി റെയില്‍വെ സ്റ്റേഷനിൽ നിന്ന് മൂന്ന് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിൽ ചില ട്രെയിനുകള്‍ വൈകിയതും ട്രാക്ക് മാറിയെത്തുകയും ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വെ സ്റ്റേഷനിലെ 14,15 പ്ലാറ്റ്‍ഫോമിലാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്. പരിക്കേറ്റവർ ദില്ലിയിലെ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 10 മണിയോടെയാണ് ദില്ലി റെയിൽവെ സ്റ്റേഷനിൽ അസാധാരണ തിരക്കുണ്ടായത്.

അപകടത്തില്‍ റെയില്‍വേ ഉന്നതല സമിതി അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് അംഗ സമിതിയെ ആണ് നിയോഗിച്ചിരിക്കുന്നത്. പ്ലാറ്റ്‌ഫോം നമ്പര്‍ 14ല്‍ പ്രയാഗ്‌രാജ് എക്‌സ്പ്രസ് ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നു. ഇതില്‍ കയറാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയതോടെയാണ് അപകടം ഉണ്ടായത്. സ്വതന്ത്രസേനാനി എക്‌സ്പ്രസ്, ഭുവനേശ്വര്‍ രാജധാനി എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ എന്നീ ട്രെയിനുകള്‍ വൈകിയെത്തിയതും സ്റ്റേഷനിലെ തിരക്കിന് കാരണമായി. ഇതോടെ 12,13,14 പ്ലാറ്റ്‌ഫോമുകളിൽ നിയന്ത്രണാധീതമായി തിരക്ക് വര്‍ധിക്കുകയായിരുന്നു

സ്റ്റേഷനില്‍ അപ്രതീക്ഷിതമായി ഉണ്ടായ തിരക്കില്‍ യാത്രക്കാര്‍ക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു.ഇന്നലെ രാത്രി 10 മണിയോടെയാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച അപകടം ഉണ്ടായത്. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഗവർണർ അറിയിച്ചു. പരിക്കേറ്റവരെ ഡല്‍ഹിയിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡല്‍ഹി പൊലീസ് സംഭവസ്ഥലത്തുണ്ടെന്നും ഗവർണർ വി കെ സക്സേന എക്സിലൂടെ അറിയിച്ചു.

You might also like

-