കരാറുകാരന്റെ മരണം; കോൺഗ്രസ് നേതാക്കൾക്ക് പൊലീസിന്റെ നോട്ടീസ്

മുന്‍ കെ.പി.സി.സി നിര്‍വാഹക സമിതി അംഗം കെ. കുഞ്ഞികൃഷ്ണന്‍ നായര്‍, മുന്‍ മണ്ഡലം പ്രസിഡന്റ് കെ.കെ സുരേഷ് കുമാര്‍ , ചെറുപുഴ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് റോഷി ജോസ്, കമ്പനി ഡയറക്ടര്‍മാരായ പി.എസ് സോമാന്‍, സലിം എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്

0

കണ്ണൂര്‍: ചെറുപുഴയില്‍ കരാറുകാരന്‍ മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. മൊഴി രേഖപ്പെടുത്തുന്നതിനായി ശനിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.മുന്‍ കെ.പി.സി.സി നിര്‍വാഹക സമിതി അംഗം കെ. കുഞ്ഞികൃഷ്ണന്‍ നായര്‍, മുന്‍ മണ്ഡലം പ്രസിഡന്റ് കെ.കെ സുരേഷ് കുമാര്‍ , ചെറുപുഴ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് റോഷി ജോസ്, കമ്പനി ഡയറക്ടര്‍മാരായ പി.എസ് സോമാന്‍, സലിം എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. പ്രായം പരിഗണിച്ച് കെ കുഞ്ഞികൃഷ്ണന്‍ നായരുടെ മൊഴി പൊലീസ് വീട്ടില്‍ ചെന്ന് രേഖപ്പെടുത്തും. മറ്റുള്ളവര്‍ ചെറുപുഴ ‌സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.

കെ കരുണാകരന്‍ ട്രസ്റ്റിലെ മറ്റ് അംഗങ്ങളുടെ ഉള്‍പ്പെടെയുള്ള കൂടുതല്‍ പേരുടെ മൊഴികള്‍ അടുത്ത ഘട്ടത്തില്‍ രേഖപ്പെടുത്തും. കരാറുകാരനായ മുതുപ്പാറകുന്നേല്‍ ജോസഫിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍ രേഖകളും പരിശോധിക്കുന്നുണ്ട്. മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കുടുംബം തയറല്ല.

ഇതിനിടെ കെ കരുണാകരന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് ജോസഫിന്റെ സാമ്പത്തിക ബാധ്യത കോണ്‍ഗ്രസ് ഏറ്റെടുത്തിട്ടുണ്ട്. തുകയെ സംബന്ധിച്ച് വ്യക്തത വരുത്താൻ കെ പി സി സി നിയോഗിച്ച സമിതി ഞായറാഴ്ച ഇടപാടിന്റെ രേഖകള്‍ പരിശോധിക്കും അതേസമയം മുതുപ്പാറകുന്നില്‍ ജോസഫിന്റെ മരണം കൊലപാതകമാണെന്ന നിലപാട് കുടുംബാംഗങ്ങൾ വീണ്ടും ആവർത്തിച്ചു

You might also like

-