നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം; കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും
പൊലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന ആരോപണത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കും. കുട്ടികള്‍ക്ക് വീട് വച്ച് നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. എത്രയുംവേഗം അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തി.
അതേസമയം പൊലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന ആരോപണത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് നിർദ്ദേശം നൽകിയത്. നാലാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.
കോടതി ഉത്തരവ് പ്രകാരം കയ്യേറ്റം ഒഴിപ്പിക്കാനെത്തിയവർക്കു മുന്നിൽ നെയ്യാറ്റിൻകര നെല്ലിമൂട് പോങ്ങിൽ നെട്ടതോട്ടം കോളനിക്കു സമീപം താമസിക്കുന്ന രാജൻ കുടിയൊഴിപ്പിക്കൽ തടയാനായി ഭാര്യയെ ചേർത്തുപിടിച്ച് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ഈ മാസം 22നാണ് സംഭവം നടന്നത്. ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിക്കുന്നത്. കോടതി ഉത്തരവിനെത്തുടർന്ന് കുടിയൊഴിപ്പിക്കാനായി പോലീസ് വീട്ടിലെത്തിയപ്പോഴാണ് രാജൻ ഭാര്യയെ ചേർത്തു പിടിച്ചുകൊണ്ട് ലൈറ്റർ കത്തിച്ചത്. ഇത് പൊലീസ് തട്ടിമാറ്റുന്നതിനിടെ പൊള്ളലേൽക്കുകയായിരുന്നു. ഇന്നലെ രാജനും രാത്രിയിൽ ഭാര്യ അമ്പിളിയും മരിച്ചു.