ഇന്ത്യയിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരത്വമുള്ളവർക്ക് രാജ്യം വിടാനുള്ള സമയപരിധി അവസാനിച്ചു
ജ്യം വിടാൻ അന്ത്യശാസനം ലഭിച്ചിട്ടും മടങ്ങാത്ത പാകിസ്ഥാൻ സ്വദേശികളെ കാത്തിരിക്കുന്നത് കനത്ത നടപടി. രാജ്യത്ത് തുടരുന്നവർ മൂന്ന് വർഷം തടവോ മൂന്ന് ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരും
ഡൽഹി| പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഇന്ത്യയിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരത്വമുള്ളവർക്ക് രാജ്യം വിടാനുള്ള സമയപരിധി അവസാനിച്ചു. രാത്രി 10 വരെയാണ് രാജ്യം വിടാൻ പാക് പൗരന്മാർക്ക് അവസരം നൽകിയിരുന്നത്. ഇതിനകം 537 പാകിസ്ഥാനികൾ അട്ടാരി അതിർത്തി വഴി മടങ്ങിയെന്നാണ് കേന്ദ്രത്തിന്‍റെ ഔദ്യോഗിക കണക്കുകൾ പറയുന്നത്. ഇതിൽ 6 പേർ കേരളത്തിൽ നിന്നുള്ളവരാണെന്നും വിവരമുണ്ട്. ഇന്ന് മാത്രം മടങ്ങിയത് 237 പാക് പൗരൻമാരാണ്. ഇന്ത്യയുടെ ഉത്തരവിനുള്ള തിരിച്ചടിയായി പാകിസ്ഥാൻ പ്രഖ്യാപിച്ച മടങ്ങിപ്പോക്ക് പ്രകാരം 850 ഇന്ത്യക്കാർ അട്ടാരി വഴി തിരിച്ചെത്തിയിട്ടുണ്ട്.
അതേസമയം രാജ്യം വിടണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് 3 പേർക്ക് നൽകിയ നോട്ടീസ് ഇന്ന് പൊലിസ് പിൻവലിച്ചിരുന്നു. കുടുംബമായി ദീർഘകാല വിസയിൽ കേരളത്തിൽ തങ്ങുന്നവരാണിവർ.രാജ്യം വിടാൻ അന്ത്യശാസനം ലഭിച്ചിട്ടും മടങ്ങാത്ത പാകിസ്ഥാൻ സ്വദേശികളെ കാത്തിരിക്കുന്നത് കനത്ത നടപടി. രാജ്യത്ത് തുടരുന്നവർ മൂന്ന് വർഷം തടവോ മൂന്ന് ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരും. നിലവിൽ 9 നയതന്ത്ര ഉദ്യോഗസ്ഥരടക്കം 537 പാകിസ്ഥാനികൾ അടാരി അതിർത്തി വഴി ഇന്ത്യ വിട്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇനിയും പാക് സ്വദേശികൾ കേരളമടക്കം സംസ്ഥാനങ്ങളിൽ താമസിക്കുന്നുണ്ട്.
പൊലീസ് കണക്കനുസരിച്ച് കേരളത്തിൽ 104 പാകിസ്താൻ പൗരരാണുള്ളത്. 45 പേർ ദീർഘകാല വിസയിലും 55 പേർ സന്ദർശക വിസയിലും മൂന്നുപേർ ചികിത്സയ്ക്കായും എത്തിയവരാണ്. ഒരാൾ ജയിലിലാണ്. സന്ദർശകവിസയിൽ എത്തിയ 6 പേരാണ് ഇതിനകം തിരിച്ച് പോയത്. ഇതിൽ തിരൂർക്കാട് സ്വദേശിയായ മലയാളിയെ വിവാഹം ചെയ്ത പാക്കിസ്ഥാൻ സ്വദേശിനിയും ഉൾപ്പെടും. ഇവർ സൗദിയിലെ സ്ഥിരതാമസക്കാരിയാണ്. മെഡിക്കൽ വിസയിൽ തിരിച്ചുവന്നവർക്ക് തിരിച്ച് പോകാൻ രണ്ട് ദിവസത്തെ കൂടി സമയമാണ് നൽകിയിരിക്കുന്നത്. ശേഷിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും ഉടൻ രാജ്യം വിടേണ്ടി വരില്ല. ദീർഘകാല വിസയുള്ളവർ കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതലും ഉള്ളത്. ഇതിൽ കൊയിലാണ്ടിയിൽ താമസിക്കുന്ന ഹംസ ഉൾപ്പെടെ 3 പേർക്കാണ് കഴിഞ്ഞ ദിവസം പൊലിസ് നോട്ടീസ് നൽകിയത്. വടകരയിൽ താമസിക്കുന്ന സഹോദരിമാർക്കും പൊലിസ് നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഇവർ ദീർഘകാലവിസയിൽ താമസിക്കുന്നവരാണെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് നോട്ടീസ് പിൻവലിച്ചത്. ഫോണിലൂടെയാണ് നോട്ടീസ് പിൻവലിച്ചതായി അറിയിച്ചത്. കേരളത്തിൽ ദീർഘകാല വിസയിൽ കഴിയുന്ന പാകിസ്ഥാൻ പൗരൻമാരൊക്കെ മലയാളികൾ തന്നെയാണ്.