കോൺഗ്രസ്സ് ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചു
മൂന്നിടങ്ങളിൽ മുമ്പ് ഉയർന്നുകേട്ട പേരുകളിൽ നിന്ന് വ്യത്യസ്തമാണ് തെരഞ്ഞെടുക്കപ്പെട്ടവർ. പട്ടികയിലെ അവസാന ഘട്ടത്തിലെ മാറ്റം ഗ്രൂപ്പ് നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണെന്നാണ് വിവരം
തിരുവനന്തപുരം : മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്തിറങ്ങി. നേരത്തെ പുറത്തു വന്ന സാധ്യത പട്ടികയിൽ വലിയ മാറ്റങ്ങളുമൊന്നുമില്ലാതെയാണ് അവസാനപട്ടിക പുറത്തുവന്നിരിക്കുന്നത്. പട്ടികയിൽ സ്ത്രീ പ്രാതിനിധ്യമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരിന്നുവെങ്കിലും അത് ഉണ്ടായില്ല. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയാണ് പട്ടിക പുറത്തുവിട്ടത്.
തിരുവനന്തപുരം – പാലോട് രവി
കൊല്ലം – രാജേന്ദ്ര പ്രസാദ്
പത്തനംതിട്ട – സതീഷ് കൊച്ചുപറമ്പിൽ
ആലപ്പുഴ – ബാബു പ്രസാദ്
കോട്ടയം – നാട്ടകം സുരേഷ്
ഇടുക്കി – സി പി മാത്യു
എറണാകുളം – മുഹമ്മദ് ഷിയാസ്
തൃശൂർ – ജോസ് വള്ളൂർ
പാലക്കാട് – എ തങ്കപ്പൻ
മലപ്പുറം – വി എസ് ജോയി
കോഴിക്കോട് – കെ പ്രവീൺകുമാർ
വയനാട് – എൻ ഡി അപ്പച്ചൻ
കണ്ണൂർ – മാർട്ടിൻ ജോർജ്
കാസർഗോഡ് – പി കെ ഫൈസൽ
മൂന്നിടങ്ങളിൽ മുമ്പ് ഉയർന്നുകേട്ട പേരുകളിൽ നിന്ന് വ്യത്യസ്തമാണ് തെരഞ്ഞെടുക്കപ്പെട്ടവർ. പട്ടികയിലെ അവസാന ഘട്ടത്തിലെ മാറ്റം ഗ്രൂപ്പ് നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണെന്നാണ് വിവരം.രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം മൂലമാണ് ബാബു പ്രസാദ് പട്ടികയിലിടം നേടിയതെന്നാണ് വിവരം. കെ പി ശ്രീകുമാറിനെ ആലപ്പുഴ ഡിസിസി അധ്യക്ഷനാക്കുമെന്നായിരുന്നു സൂചന. എന്നാൽ, സമ്മർദ്ദത്തിനൊടുവിൽ ബാബു പ്രസാദ് ആ സ്ഥാനത്തേക്കെത്തുകയായിരുന്നു. കോട്ടയത്ത് ഫിൽസൺ മാത്യൂസിന് സാധ്യത എന്ന സൂചനകൾ ശക്തമായിരുന്നു. യാക്കോബായ സമുദായംഗമായ ഫിൽസണെ ചില താല്പര്യങ്ങളുടെ പേരിൽ എ ഗ്രൂപ്പ് നിയോഗിക്കുന്നു എന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാൽ, സംഘടനാരംഗത്ത് ഫിൽസൺ മാത്യൂസിനെക്കാൾ സ്വാധീനം നാട്ടകം സുരേഷിനാണ് എന്ന പരഗിണന വച്ചാണ് നാട്ടകം സുരേഷിനെ കോട്ടയത്ത് അധ്യക്ഷനാക്കിയിരിക്കുന്നത്. ഫിൽസൺ മാത്യൂസിനെ പരിഗണിക്കുന്നതിനെ ചൊല്ലി ഗ്രൂപ്പിന് ഉള്ളിൽ തന്നെ വ്യാപക എതിർപ്പു വന്നതോടെയാണ് ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ ഉണ്ടായതും നാട്ടകം സുരേഷിന് തന്നെ നറുക്കുവീണതും. ഇടുക്കിയിൽ നേരത്തെ ഉയർന്നുകേട്ട പേര് അഡ്വ അശോകന്റേതായിരുന്നു. എന്നാൽ, പട്ടികയിൽ പുറത്തു വന്നിരിക്കുന്നത് സി പി മാത്യുവിന്റെ പേരാണ്.
പാലക്കാട് എ തങ്കപ്പൻ, മലപ്പുറം വി എസ് ജോയ്, കൊല്ലം പി രാജേന്ദ്രപ്രസാദ്, പത്തനംതിട്ട സതീഷ് കൊച്ചുപറമ്പിൽ, എറണാകുളം മുഹമ്മദ് സിയാസ്, തൃശ്ശൂർ ജോസ് വെള്ളൂർ, കോഴിക്കോട് അഡ്വ കെ പ്രവീൺ കുമാർ, വയനാട് എൻ ഡി അപ്പച്ചൻ എന്നിവരാണ് മറ്റ് ഡിസിസി പ്രസിഡന്റുമാർ. സാമുദായിക പ്രാതിനിധ്യം നോക്കി ചില മാറ്റങ്ങൾ വരുത്തിയെന്നാണ് എഐസിസി പറയുന്നത്. ഇത് ഗ്രൂപ്പ് അടിസ്ഥാനത്തിലെ വീതം വയ്ക്കൽ അല്ല. രമേശ് ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും സ്വന്തം ജില്ലകളിൽ അവരുടെ നിലപാട് പരിഗണിച്ചു എന്നും എഐസിസി വൃത്തങ്ങൾ സൂചിപ്പിക്കുന്നു