ഡാളസ് കൗണ്ടി ജീവനക്കാരുടെ ശമ്പളം മണിക്കൂറിന് 15 ഡോളറാക്കി ഉയര്‍ത്തി
ഇതുവരെ കുറഞ്ഞ വേതനം മണിക്കൂറിന് 11.71 ഡോളറായിരുന്നു.
ഡാളസ് : ഡാളസ് കൗണ്ടി ജീവനക്കാരുടെ ശമ്പളം മണിക്കൂറിന് 15 ഡോളറായി ഉയര്‍ത്തുന്നതിന് സെപ്റ്റംബര്‍ 17 ചൊവ്വാഴ്ച ചേര്‍ന്ന കമ്മീഷനേഴ്‌സ് കോര്‍ട്ട് തീരുമാനിച്ചു. ഇതുവരെ കുറഞ്ഞ വേതനം മണിക്കൂറിന് 11.71 ഡോളറായിരുന്നു.ഒന്നിനെതിരെ 4 വോട്ടുകള്‍ നേടിയാണ് ശമ്പള വര്‍ദ്ധന അംഗീകരിച്ചത്. ശമ്പള വര്‍ദ്ധനവ് നടപ്പാക്കണമെന്ന് ശക്തമായി വാദിച്ചത് കൗണ്ടി ജഡ്ജി ക്ലെ ജന്നിംഗസായിരുന്നു. ടെക്‌സസ് ലോക്കല്‍ ഗവണ്‍മെന്റുകളില്‍ മിനിമം വേജസ് 15 ഡോളറാക്കി ഉയര്‍ത്തുന്ന ചുരുക്കം ചിലതില്‍ ഡാളസ് കൗണ്ടിയും സ്ഥാനം നേടി.
ജീവിത ചിലവ് വര്‍ദ്ധിച്ചിട്ടും ശമ്പള വര്‍ദ്ധന ലഭിക്കാത്തതില്‍ ജീവനക്കാര്‍ അസംപ്തരായിരുന്നു.
ഒക്ടോബര്‍ ഒന്നു മുതല്‍ ശമ്പളവര്‍ദ്ധനവ് നിലവില്‍ വരും. കൗണ്ടിയിലെ ജീവനക്കാരില്‍ പലര്‍ക്കും മണിക്കൂറിന് ലഭിക്കുന്ന വേതനം ഇപ്പോള്‍ തന്നെ 15 ഡോളറില്‍ അധികമാണ്. എന്നാല്‍ പലര്‍ക്കും ഇതില്‍ കുറവാണ് ലഭിക്കുന്നത്.
കൗണ്ടിയിലെ കോണ്‍ട്രാക്റ്റ് ജീവനക്കാര്‍ക്ക് ഇതു ബാധകമാകുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. കൗണ്ടിയിലെ കീഴില്‍ വരുന്ന പാര്‍ക്ക് ലാന്റ് ആശുപത്രിയിലെ ജീവനക്കാര്‍ക്കും ഈ ശമ്പളവര്‍ദ്ധനവ് ബാധകമാണ്.