മലവിസര്‍ജ്ജനം നടത്തുന്നതിനിടെ ദളിത് യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ചുകൊന്നു
സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആളുകള്‍ പ്രദേശത്തെ പ്രബലരായ വണ്ണിയാര്‍ ഒബിസി സമുദായത്തില്‍പെട്ടവരാണ്
ചെന്നൈ: തമിഴ്‍നാട്ടില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ചുകൊന്നു.മലവിസര്‍ജ്ജനം നടത്തുന്നതിനിടെ ഫെബ്രുവരി 12നാണ് 24കാരനായ ആര്‍ ശക്തിവേലിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് അടിച്ചുകൊന്നത്. സംഭവത്തില്‍ വില്ലുപുറം പൊലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആളുകള്‍ പ്രദേശത്തെ പ്രബലരായ വണ്ണിയാര്‍ ഒബിസി സമുദായത്തില്‍പെട്ടവരാണ്.അറസ്റ്റ് ചെയ്തവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടും. ഇവര്‍ ഇപ്പോള്‍ കൂടല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍റിലാണ്.
ശക്തിവേല്‍ വില്ലുപുരം ഗ്രാമത്തിലെ ഒരു സ്ത്രീക്ക് മുന്നില്‍ നഗ്നത കാണിച്ചുവെന്ന് ആരോപിച്ചാണ് ഇയാളെ ആക്രമിച്ചത്. ഗ്രാമത്തിലെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ശക്തിവേലിനെ കെട്ടിയിടുകയും നിരന്തരമായി മര്‍ദ്ദിക്കുകയും ചെയ്തു. ആളുകളുടെ ആരോപണം ശക്തിവേല്‍ നിഷേധിച്ചതോടെ കലിപൂണ്ട ഗ്രാമവാസികള്‍ ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ഇത് ജാതിക്കൊലയാണെന്നാണ് ശക്തിവേലിന്‍റെ കുടുംബം ആരോപിക്കുന്നത്. പൊലീസിന്‍റെ അനാസ്ഥയും ശക്തിവേലിന്‍റെ മരണത്തിന് കാരണമായെന്നും ഇവര്‍ ആരോപിക്കുന്നു.പൊലീസ് നോക്കി നില്‍ക്കെയും സംഘം ശക്തിവേലിനെ ആക്രമിച്ചു. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ ശക്തിവേലിനെ രക്ഷിക്കാമായിരുന്നുവെന്ന് വില്ലുപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിഒ കോര്‍ഡിനേറ്റര്‍ ലളിത പറഞ്ഞു.