മാന്‍ഡസ് ചുഴലിക്കാറ്റ്  തമിഴ്നാട്ടിൽ 4 മരണം; കേരളത്തിലും മഴമുന്നറിയിപ്പ് നാളെ 5 ജില്ലകളിൽ ജാഗ്രത

ഇരുന്നൂറിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ചെന്നൈയിലടക്കം ശക്തമായ മഴ തുടരുകയാണ്. താഴ്ന്നയിടങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. ചെന്നൈ നഗരത്തിലാകെ 400 മരങ്ങളാണ് കടപുഴകി വീണത്. വെള്ളം കയറിയതിനാൽ 15 സബ് സ്റ്റേഷനുകളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു

0

തിരുവനന്തപുരം| തമിഴ്നാട്ടിൽ മാന്‍ഡസ് ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുകയാണ്. ചുഴലിക്കാറ്റിന്‍റെ കെടുതിയിൽ പെട്ട് സംസ്ഥാനത്ത് ഇതുവരെ നാല് പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. തകര്‍ന്ന കെട്ടിടത്തിന് അടിയില്‍പ്പെട്ടും വൈദ്യുതാഘാതമേറ്റുമാണ് നാല് പേര്‍ മരിച്ചത്. ഇരുന്നൂറിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ചെന്നൈയിലടക്കം ശക്തമായ മഴ തുടരുകയാണ്. താഴ്ന്നയിടങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. ചെന്നൈ നഗരത്തിലാകെ 400 മരങ്ങളാണ് കടപുഴകി വീണത്. വെള്ളം കയറിയതിനാൽ 15 സബ് സ്റ്റേഷനുകളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. ഇത് പലയിടത്തും വൈദ്യുത ബന്ധം തകരാറിലാക്കിയിട്ടുണ്ട്. വീട് തകര്‍ന്നവര്‍ക്ക് ധനസഹായം നല്‍കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം മാന്‍ഡസ് ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കേരളത്തിലും ശക്തമായ മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അറിയിപ്പ് പ്രകാരം അടുത്ത 3 ദിവസം കേരളത്തിൽ മഴ ശക്തമായേക്കും. ഇത് പ്രകാരം 11, 12, 13 തിയതികളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ 5 ജില്ലകളിലും തിങ്കളും ചൊവ്വയും 9 ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 12 നും ഡിസംബർ 13 നും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

You might also like

-