അറബിക്കടലില്‍ ചുഴലിക്കാറ്റ്, കനത്ത മഴ: കേരളത്തിലും ലക്ഷദ്വീപിലും ജാഗ്രതാ നിര്‍ദേശം

അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപം കൊണ്ട അതിതീവ്ര ന്യൂനമർദമാണ് ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചിരിക്കുന്നത്. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ഉച്ചയോടെ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റാകും. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപില്‍ അതിജാഗ്രതാ നിര്‍ദേശം നല്‍കി.

0

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, തൃശൂര്‍,പാലക്കാട്,കോഴിക്കോട്,വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെഎറണാകുളം,തൃശൂര്‍,മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

 

തിരുവനന്തപുരം : അറബിക്കടലില്‍ മഹാ ചുഴലിക്കാറ്റ് രൂപപ്പെട്ടതിനെത്തുടർന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ലക്ഷദ്വീപില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. കേരളത്തിലും ജാഗ്രതാനിര്‍ദേശമുണ്ട്. ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപം കൊണ്ട അതിതീവ്ര ന്യൂനമർദമാണ് ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചിരിക്കുന്നത്. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ഉച്ചയോടെ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റാകും. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപില്‍ അതിജാഗ്രതാ നിര്‍ദേശം നല്‍കി.

കേരളം മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്ത് രൂപം കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനിടയുണ്ട് അതിനാല്‍ സംസ്ഥാനത്തും ജാഗ്രതാ നിര്‍ദേശമുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യബന്ധനത്തിന് പോകുന്നത് വിലക്കി. കടൽ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണ്.

ഉറപ്പില്ലാത്ത വീടുകളില്‍ കഴിയുന്നവര്‍ ക്യാമ്പുകളിലേക്ക് മാറി താമസിക്കണണെന്ന നിര്‍ദേശമുണ്ട്. മലയോര മേഖലയിലേക്കുമുള്ള യാത്ര ഒഴിവാക്കണം. ശക്തമായ കാറ്റുള്ളതിനാല്‍ മരങ്ങള്‍ക്ക് താഴെ നില്‍ക്കുകയോ വാഹനങ്ങള്‍ നിര്‍ത്തിയിടുകയോ ചെയ്യരുത്. പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിനും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ മഴ തുടരുകയാണ്. എറണാകുളത്ത് എടവനക്കാട് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. കൊച്ചി, പറവൂര്‍ കൊടുങ്ങല്ലൂര്‍, ചാവക്കാട് എന്നീ താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. എം.ജി സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ് .

അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട ചുഴലിക്കാറ്റ് മണിക്കൂറിൽ 26 കിമീ വേഗതയിൽ കഴിഞ്ഞ 6 മണിക്കൂറായി വടക്ക്- വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

2019 ഒക്ടോബർ 31 ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം പുറപ്പെടുവിച്ച ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം നിലവിൽ 10.2°N അക്ഷാംശത്തിലും 73.3°E രേഖാംശത്തിലും മാലദ്വീപിൽ നിന്ന് വടക്കായി 670 കിലോമീറ്റർ ദൂരത്തും ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്ന് 210 കിലോമീറ്റർ ദൂരത്തും കവരത്തിയിൽ നിന്ന് 80 കിമീ ദൂരത്തും തിരുവനന്തപുരത്ത് നിന്ന് 440 കിമീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. ഇന്ന് (2019 ഒക്ടോബർ 31 ന്) ഉച്ചയ്ക്ക് മുമ്പ് ‘മഹാ’ ചുഴലിക്കാറ്റ് കൂടുതൽ കരുത്ത് പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റ് (Severe Cyclonic Storm- കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 90 മുതൽ 140 കിമീ വരെ) ആയി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇത് അടുത്ത 12 മണിക്കൂറിൽ വടക്ക്- വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മധ്യകിഴക്കൻ അറബിക്കടലിലേക്ക് പ്രവേശിക്കാൻ സാധ്യതയേറെയാണ്.

ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നു പോകുന്നതിനാൽ കേരള തീരത്ത് മൽസ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. മത്സ്യത്തൊഴിലാളികളെ പൂർണ്ണമായും തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയുള്ള സമയങ്ങളിലും കടൽ അതിപ്രക്ഷുബ്ധാവസ്ഥയിൽ തുടരുന്നതാണ്. ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്. തീരമേഖലയിലും മലയോര മേഖലയിലും ചില നേരങ്ങളിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. കടൽ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണ്.

അടച്ചുറപ്പില്ലാത്ത മേൽക്കൂരയുള്ള വീടുകളിൽ താമസിക്കുന്നവരെയും അപകട മേഖലകളിലുള്ളവരെയും മാറ്റി താമസിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

പൊതുജനങ്ങളും അധികൃതരും ജാഗ്രത പാലിക്കുക. ദുരന്ത നിവാരണ അതോറിറ്റിയുടെ മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കുക.

പുറപ്പെടുവിച്ച സമയം: 3 AM 31/10/2019
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

You might also like

-