ഉന്നാവ് പെൺകുട്ടിക്കും കുടുംബത്തിനും സിആർപിഎഫ് സുരക്ഷ; സർക്കാർ 25 ലക്ഷം നൽകണമെന്നും സുപ്രീം കോടതി
ഉന്നാവ് പീഡനവുമായി ബന്ധപ്പെട്ട 5 കേസുകളുടെ വിചാരണ ലഖ്‌നൗ സിബിഐ കോടതിയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടു.
ഉന്നാവ് പീഡനവുമായി ബന്ധപ്പെട്ട 5 കേസുകളുടെ വിചാരണ ലഖ്‌നൗ സിബിഐ കോടതിയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടു. കേസിൽ ദിവസേന വാദം കേൾക്കണമെന്നും 45 ദിവസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള സുപ്രീം കോടതി ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
കുടുംബം ആവശ്യപ്പെട്ടാൽ പെൺകുട്ടിയെ ഡൽഹിയിലേക്ക് മാറ്റണമെന്നും എയിംസിൽ ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
പെൺകുട്ടിക്ക് ഉത്തർപ്രദേശ് സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും കോടതി ഉത്തരവിട്ടു. നഷ്ടപരിഹാര തുക വെള്ളിയാഴ്ച തന്നെ കൈമാറണം. പെൺകുട്ടിക്കും കുടുംബത്തിനും സിആർപിഎഫിന്റെ സുരക്ഷ ഏർപ്പെടുത്തണമെന്നും സുരക്ഷ സംബന്ധിച്ച റിപ്പോർട്ട് സിആർപിഎഫ് കോടതിയിൽ നൽകണമെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഉച്ചയ്ക്ക് കേസ് പരിഗണിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഉന്നാവ് കേസിലെ പരാതിക്കാരിയുടെ ആരോഗ്യനിലയെപ്പറ്റി ആരാഞ്ഞിരുന്നു. പെൺകുട്ടിയുടെ ഇപ്പോഴത്തെ ആരോഗ്യനിലയെപ്പറ്റി ആരാഞ്ഞ ചീഫ് ജസ്റ്റിസിനോട് പെൺകുട്ടി വെന്റിലേറ്ററിലാണെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു.