ഫ്‌ളാറ്റ് നിർമാതാക്കളുടെ ഓഫീസുകളിൽ ക്രൈംബ്രാഞ്ചിന്റെ റെയ്ഡ്
സ്വത്തുക്കൾ കണ്ടുകെട്ടിയതിനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനും എതിരെ ഫ്ളാറ്റ് നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
കൊച്ചി :മരടിലെ ഫ്‌ളാറ്റ് നിർമാതാക്കളുടെ ഓഫീസുകളിൽ ക്രൈംബ്രാഞ്ച് സംഘത്തിന്റെ റെയ്ഡ്.ഫ്‌ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട നിരവധി രേഖകൾ സംഘം പിടിച്ചെടുത്തു.അതേസമയം, ഫ്ളാറ്റ് നിർമാതാക്കളായ ആൽഫാ വെഞ്ചേഴ്സിന്റെ വിവിധ ഓഫീസുകളിൽ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തി. സ്വത്തുക്കൾ കണ്ടുകെട്ടിയതിനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനും എതിരെ ഫ്ളാറ്റ് നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ട് നടപടികളും റദ്ദാക്കണമെന്നാണ് ആവശ്യം.
അതേസമയം, മരടിലെ അനധികൃത ഫ്ളാറ്റുകൾ പൊളിക്കുമ്പോൾ ആറ് മണിക്കൂർ നേരത്തേക്ക് പരിസരവാസികളെ ഒഴിപ്പിക്കുമെന്ന് സബ് കളക്ടർ സ്നേഹിൽ കുമാർ പറഞ്ഞു. പരമാവധി 2 കമ്പനികൾക്ക് മാത്രമേ ഫ്ളാറ്റ് പൊളിക്കാനുള്ള കരാർ നൽകൂവെന്നും കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ച ശേഷം സബ് കളക്ടർ വ്യക്തമാക്കി.
മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി ഈ മാസം 11ന് ഫ്ളാറ്റുകൾ കമ്പനികൾക്കു കൈമാറാനാണ് തീരുമാനം. അതിന് മുൻപായി പൊളിക്കാനുള്ള കമ്പനികളെ തെരഞ്ഞെടുക്കും. സാങ്കേതിക വിദഗ്ധർ അടങ്ങുന്ന സമിതി തെരഞ്ഞെടുക്കുന്ന കമ്പനികൾ ഫ്ളാറ്റ് പൊളിക്കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകണം. പ്രാഥമിക നടപടികൾ ആരംഭിക്കും.
എന്നാൽ, ഫ്ളാറ്റുകളുടെ ബേസ്മെന്റിൽ സ്ഫോടനം നടത്താൻ അനുവദിക്കില്ല. നിലവിൽ നിശ്ചയിച്ചിരിക്കുന്ന സമയ പരിധിക്കുള്ളിൽ തന്നെ ഫ്ളാറ്റുകൾ പൊളിച്ചു നീക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സബ് കളക്ടർ വ്യക്തമാക്കി. ഫ്‌ളാറ്റുകൾ പൊളിക്കുമ്പോൾ 200 മീറ്റർ ചുറ്റളവിലുള്ളവരെ പരിസരവാസികളെ ആറ് മണിക്കൂർ നേരത്തേക്ക് ഒഴിപ്പിക്കും. ഫ്ളാറ്റുകൾ പൊളിക്കാൻ എത്തുന്നവർക്കും സമീപവാസികൾക്കുമടക്കം ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തും.
നിലവിൽ 140 ഫ്ളാറ്റുകൾക്ക് ഉടമസ്ഥാവകാശ രേഖയില്ലെന്നും ഇവരുടെ നഷ്ടപരിഹാരം ബാലകൃഷ്ണൻ നായർ സമിതി തീരുമാനിക്കുമെന്നും സബ് കളക്ടർ വ്യക്തമാക്കി. ഇതിനിടെ ഉടമകളെ കണ്ടെത്താനാകാത്ത 50 എണ്ണം ഒഴികെയുള്ള ഫ്ളാറ്റുകളിൽ നിന്ന് സാധനങ്ങൾ മാറ്റി താമസക്കാർ പൂർണമായും ഒഴിഞ്ഞിട്ടുണ്ട്.