പ്രൈവറ്റ് സെക്രട്ടറിയെ നിയമവിരുദ്ധമായി സ്ഥിരപ്പെടുത്തി; എ.കെ ബാലനെതിരെ ആരോപണവുമായി പി.കെ ഫിറോസ്
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കിര്‍ത്താഡ്സില്‍ സെപ്ഷ്യല്‍ റൂളില്‍ പറയുന്ന പി.എച്ച്.ഡി,എംഫില്‍ യോഗ്യതയില്ലാതെ നാല് പേരുടെ നിയമനം സ്ഥിരപ്പെടുത്തിയത് ക്രമവിരുദ്ധമാണെന്നാണ് ഫിറോസിന്റെ ആരോപണം. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ മണിഭൂഷന് വേണ്ടിയാണ് റൂള്‍ 39 ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ക്രമക്കേട് നടത്തിയതെന്നും ഫിറോസ് കുറ്റപ്പെടുത്തി
കോഴിക്കോട് :മന്ത്രി എ.കെ ബാലന്‍ ഇടപെട്ട് കിര്‍ത്താഡ്സില്‍ യോഗ്യതയില്ലാത്തവര്‍ക്ക് നിയമനം നല്‍കിയെന്ന ആരോപണവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മണിഭൂഷണ്‍ അടക്കമുളളവര്‍ക്ക് ലക്ചററായി പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത് സ്ഥിര നിയമനം നല്‍കി. നിയമനം വിവിധ വകുപ്പുകളുടെ എതിര്‍പ്പ് മറി കടന്നാണെന്നും ഫിറോസ് ആരോപിച്ചു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കിര്‍ത്താഡ്സില്‍ സെപ്ഷ്യല്‍ റൂളില്‍ പറയുന്ന പി.എച്ച്.ഡി,എംഫില്‍ യോഗ്യതയില്ലാതെ നാല് പേരുടെ നിയമനം സ്ഥിരപ്പെടുത്തിയത് ക്രമവിരുദ്ധമാണെന്നാണ് ഫിറോസിന്റെ ആരോപണം. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ മണിഭൂഷന് വേണ്ടിയാണ് റൂള്‍ 39 ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ക്രമക്കേട് നടത്തിയതെന്നും ഫിറോസ് കുറ്റപ്പെടുത്തി.
ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് ജെയിംസ് മാത്യു എം.എല്‍.എയുടേതായി താന്‍ പുറത്ത് വിട്ട പരാതി ശരിയാണെന്ന് ജെയിംസ് മാത്യു വാര്‍ത്താ സമ്മേളനത്തില്‍ പുറത്തു വിട്ട രേഖകളില്‍ നിന്ന് വ്യക്തമാണ്. വ്യാജ രേഖ ചമച്ചുവെന്ന ആരോപണം ഫിറോസ് തള്ളി. അഴിമതിക്ക് എതിരെ താന്‍ നടത്തുന്ന പോരാട്ടത്തിന് ലീഗ് അധ്യക്ഷന്‍ നേരിട്ട് വിളിച്ച് പിന്തുണ അറിയിച്ചതായും ഫിറോസ് അവകാശപ്പെട്ടു.
എന്നാല്‍ പി.കെ ഫിറോസിന്റേത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് നിയമമന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചു. സുതാര്യമല്ലാത്ത ഒന്നും ചെയ്തിട്ടില്ല. 2010 ൽ ചട്ടപ്രകാരം മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിൽ ആണ് മണിഭൂഷനടക്കം 10 പേരെ സ്ഥിരപ്പെടുത്തിയത്. ഫിറോസിന് ധൈര്യമുണ്ടെങ്കിൽ കോടതിയിൽ പോകട്ടെയന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.