ഓമനക്കുട്ടന്‍റെ സസ്പെൻഷൻ സിപിഎം പിൻവലിച്ചു, മാപ്പ് പറഞ്ഞ് റവന്യൂ വകുപ്പും
ക്യാംപിലെ അടിയന്തര ആവശ്യങ്ങൾക്ക് വേണ്ടിയാണ് പണം പിരിച്ചതെങ്കിലും അത്തരം നടപടി അവിടെ ചെയ്യരുതെന്നാണ് പാർട്ടി വിലയിരുത്തൽ.
ആലപ്പുഴ: ചേർത്തല കണ്ണികാട്ടെ, അംബേദ്‍കർ കമ്മ്യൂണിറ്റി ഹാളിൽ പണം പിരിച്ചതിന്‍റെ പേരിൽ പാർട്ടി സസ്പെൻഡ് ചെയ്ത പ്രാദേശിക സിപിഎം നേതാവ് ഓമനക്കുട്ടനെതിരായ നടപടി പാർട്ടി പിൻവലിച്ചു. ക്യാംപിലെ അടിയന്തര ആവശ്യങ്ങൾക്ക് വേണ്ടിയാണ് പണം പിരിച്ചതെങ്കിലും അത്തരം നടപടി അവിടെ ചെയ്യരുതെന്നാണ് പാർട്ടി വിലയിരുത്തൽ. എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ ഉദ്യോഗസ്ഥരെ അറിയിച്ചാൽ മതിയായിരുന്നു, പണം പിരിക്കേണ്ടതില്ലായിരുന്നുവെന്നും സിപിഎം ജില്ലാ കമ്മിറ്റി വ്യക്തമാക്കി. ഓമനക്കുട്ടൻ അതിൽ ഘേദം പ്രകടിപ്പിച്ചതുകൊണ്ട്, നടപടി പിൻവലിക്കുകയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ അറിയിച്ചു.
ഓമനക്കുട്ടന്‍റെ ഉദ്ദേശശുദ്ധിയും പ്രവർത്തിയിലെ സത്യസന്ധതയും കണക്കിലെടുത്ത് എടുത്ത കേസ് പിൻവലിക്കുകയാണെന്ന് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുവും ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഓമനക്കുട്ടനെതിരെ റവന്യൂ വകുപ്പിന്‍റെ ശുപാർശപ്രകാരം എടുത്ത കേസ് പിൻവലിക്കും. ഡോ. വി വേണുവിന്‍റെ നിർദേശപ്രകാരമാണ് കേസ് പിൻവലിക്കുന്നത്.