കണ്ണൂരിൽ രണ്ടു ദിവസത്തേക്ക് പ്രകടനങ്ങൾ വേണ്ടന്ന് ധാരണ
കളക്ടര്‍ മീർ മുഹമ്മദലിയുടെ നേതൃത്വത്തില്‍ സിപിഎം, ബിജെപി നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് തീരുമാനം. യോഗത്തില്‍ പങ്കെടുത്ത സിപിഎം, ബിജെപി നേതാക്കള്‍ ധാരണകള്‍ അംഗീകരിച്ചു.ജില്ലയിൽ സമാധാനം ഉറപ്പാക്കാൻ എല്ലാ സഹകരണവും നേതാക്കൾ ഉറപ്പ് നൽകി.
കണ്ണൂര്‍: കണ്ണൂരില്‍ രണ്ട് ദിവസത്തേക്ക് പ്രകടനങ്ങള്‍ പാടില്ലെന്ന് തീരുമാനം. കളക്ടര്‍ മീർ മുഹമ്മദലിയുടെ നേതൃത്വത്തില്‍ സിപിഎം, ബിജെപി നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് തീരുമാനം. യോഗത്തില്‍ പങ്കെടുത്ത സിപിഎം, ബിജെപി നേതാക്കള്‍ ധാരണകള്‍ അംഗീകരിച്ചു.ജില്ലയിൽ സമാധാനം ഉറപ്പാക്കാൻ എല്ലാ സഹകരണവും നേതാക്കൾ ഉറപ്പ് നൽകി. യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവൻ, ബിജെപി ജില്ലാ പ്രസിഡണ്ട് പി സത്യപ്രകാശ്, ജില്ലാ പൊലീസ് മേധാവി ജി ശിവ വിക്രം എന്നിവർ പങ്കെടുത്തു.
കരുതല്‍ തടങ്കലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സമാധാന അന്തരീക്ഷം നിലനിന്നിരുന്ന കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ രാത്രി വ്യാപകമായ അക്രമമാണ് അരങ്ങേറിയത്. എ എൻ ഷംസീർ എംഎൽഎ, വി മുരളീധരൻ എം പി, സിപിഎം മുൻ ജില്ലാ സെക്രട്ടറി പി ശശി എന്നിവരുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ചെറുതാഴത്ത് ആർഎസ്എസ് ഓഫീസിന് തീയിട്ടു. ഇരുട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് രാത്രിയില്‍ വെട്ടേറ്റു. പെരുമ്പറ സ്വദേശി വിശാഖിനാണ് വെട്ടേറ്റത്. ഇയാള്‍ ചികിത്സയിലാണ്.
യുവതി പ്രവേശനത്തെത്തുടർന്ന് സംസ്ഥാനത്ത് വ്യാപക അക്രമം നടക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഡിജിപി ജില്ലാ പൊലീസ് മേധാവികള്‍ക്ക് മുന്‍കരുതല്‍ അറസ്റ്റ് ചെയ്യണമെന്ന നിര്‍ദ്ദേശം കൈമാറിയിരുന്നു. എന്നാല്‍ കണ്ണൂര്‍ ജില്ലയൊഴികെയുള്ള മറ്റ് പതിമൂന്ന് ജില്ലകളിലും മുന്‍കരുതല്‍ അറസ്റ്റ് നടന്നിരുന്നില്ല.
വ്യാഴാഴ്ച കണ്ണൂരൊഴികെയുള്ള എല്ലാ ജില്ലകളിലും വ്യാപക ആക്രമണമാണ് സംഘപരിവാര്‍ സംഘടനകള്‍ അഴിച്ചുവിട്ടത്. എന്നാല്‍ കണ്ണൂര്‍ പൊതുവേ ശാന്തമായിരുന്നു. ഇന്നലെ രാത്രിയാണ് കണ്ണൂരില്‍ വ്യാപകമായ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അക്രമത്തെ തുടര്‍ന്ന് കണ്ണൂരില്‍ 19 പേരെ അറസ്റ്റ് ചെയ്തു. 33 പേരെ കരുതല്‍ തടങ്കലിലെടുത്തെന്ന് പൊലീസ് അറിയിച്ചു.
എ എൻ ഷംസീർ എംഎൽഎയുടെ വീടിന് നേരെ ബോംബേറ് നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റത്. ഇതിന് പിന്നാലെയായിരുന്നു വി മുരളീധരന്‍ എം പിയുടെ തറവാടിന് നേരെ ബോംബേറുണ്ടായത്. ഇതിന് പിന്നാലെ പി ശശിയുടെ വീടിന് നേരെയും ബോംബേറുണ്ടായി.
എ എൻ ഷംസീർ എംഎൽഎയുടെ തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ആദ്യം ബോംബേറുണ്ടായത്. ആക്രമണ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ ഷംസീറിന്‍റെ കുടുംബം വീട്ടിലുണ്ടായിരുന്നു. ബോംബേറില്‍ കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് വിവരം. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ബിജെപി എം പി വി മുരളീധരന്‍റെ തലശേരിയിലെ തറവാട് വീടിന് നേരെയാണ് ബോംബേറുണ്ടായത്. എരഞ്ഞോളി വാടിയിൽ പീടികയിലെ വീട്ടിന് നേരെയാണ് ബോംബേറുണ്ടായത്. അക്രമം നടക്കുമ്പോൾ എംപിയുടെ പെങ്ങളും ഭർത്താവും വീട്ടിലുണ്ടായിരുന്നു.
കണ്ണൂരില്‍ പി ശശിയുടെ വീടിന് നേരെയും ബോംബേറുണ്ടായി. ബൈക്കിലെത്തിയ ആളുകൾ ബോംബ് എറിഞ്ഞ ശേഷം രക്ഷപ്പെട്ടു. അക്രമം നടക്കുന്ന സമയം പി ശശിയും വീട്ടിലുണ്ടായിയുന്നില്ല. കണ്ണൂര്‍ ഇരട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റതിന് പിന്നാലെയാണ് ശശിയുടെ വീടിന് നേരെ ആക്രമണമുണ്ടായത്.