മോട്ടോർ വാഹന നിയമ ഭേദഗതിക്കെതിരെ സി.പി.എം; ഉയര്‍ന്ന പിഴ അശാസ്ത്രീയമെന്ന് കോടിയേരി
കേരളത്തിന് നിയമം മാറ്റാനാകുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു
മോട്ടോര്‍ വാഹന നിയമ ഭേദഗതിയിലൂടെ വലിയ പിഴ ഈടാക്കുന്നതി നെതിരെ സി.പി.എം. കേരളത്തിന് നിയമം മാറ്റാനാകുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിയമം പാസാക്കിയാല്‍ നടപ്പാക്കാതിരിക്കാനാകില്ല എന്ന നിലപാടിലാണ് സര്‍ക്കാര്‍. നിയമ നിര്‍മാണത്തെക്കുറിച്ച് ഒറ്റവാക്കില്‍ പറയാനാകില്ലെന്ന് ഗതാഗത മന്ത്രി പറഞ്ഞു. കേരളം നിയമം നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടിയിരുന്നുവെന്ന് പ്രതിപക്ഷം പ്രതികരിച്ചു.
കേന്ദ്ര നിയമഭേദഗതി കേരളത്തില്‍ നടപ്പാക്കിയതിനെതിരെ വ്യാപക വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് നിയമത്തിനെതിരെ സി.പി.എം രംഗത്തെത്തിയത്. തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാതെ വേണം സംസ്ഥാനത്ത് നിയമം നടപ്പാക്കാനെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യം ഗതാഗതവകുപ്പിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയാണ്. പുതിയ ഭേദഗതി വലിയ അഴിമതിക്ക് കാരണമാകുമെന്നും കോടിയേരി പറഞ്ഞു. എന്നാല്‍ കേന്ദ്രം നിയമം പാസാക്കിയതിനാല്‍ അത് നടപ്പാക്കാതിരിക്കാനാകില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. നിയമം നടപ്പാക്കിയതിനെതിരെ പ്രതിപക്ഷവും രംഗത്തെത്തി. നിയമം നടപ്പാക്കാതിരുന്ന അഞ്ച് സംസ്ഥാനങ്ങള്‍ക്കൊപ്പമായിരുന്നു കേരളം നില്‍ക്കേണ്ടിയിരുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവേചനാധികാരം കേരളം ഉപയോഗിച്ചില്ല എന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.