പത്തനംതിട്ട തണ്ണിത്തോട്ടിൽ കോവിഡ് നിരീക്ഷണത്തിലിരിക്കുന്ന പെൺകുട്ടിയുടെ വീട് ആക്രമിച്ച കേസിൽ ആറ് സി.പി.എം പ്രവർത്തകരെ സസ്പെന്‍ഡ് ചെയ്തു.
പ്രാദേശിക സി.പി.എം പ്രവർത്തകരായ കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെയാണ് പെൺകുട്ടിയുടെ വീടാക്രമിച്ച കേസിൽ പൊലീസ് കേസെടുത്തത്
പത്തനംതിട്ട :തണ്ണിത്തോട്ടിൽ കോവിഡ് നിരീക്ഷണത്തിലിരിക്കുന്ന പെൺകുട്ടിയുടെ വീട് ആക്രമിച്ച കേസിൽ പ്രതികളായ ആറ് സി.പി.എം പ്രവർത്തകരെ സസ്പെന്‍ഡ് ചെയ്തു. കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. പ്രതികളായ മൂന്ന് പേരെകൂടി പിടികൂടാനുണ്ട്.പ്രാദേശിക സി.പി.എം പ്രവർത്തകരായ കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെയാണ് പെൺകുട്ടിയുടെ വീടാക്രമിച്ച കേസിൽ പൊലീസ് കേസെടുത്തത്. സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞതിന് പിറകേയാണ് പ്രതികളിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച മൂന്ന്പേരുൾപ്പെടെ കേസിൽ ഉൾപ്പെട്ട പാർട്ടി പ്രവർത്തകരായ ആറ് പേരെയാണ് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
കോയമ്പത്തൂരിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലുള്ള പെൺകുട്ടിയുടെ അച്ഛൻ പുറത്തിറങ്ങി നടക്കുന്നുവെന്നും മർദിക്കുമെന്നും പ്രതികൾ വാട്ട്സ്ആപ്പ് വഴി പ്രചരിപ്പിക്കുകയായിരുന്നു.ഭീഷണിയുണ്ടെന്നു കാട്ടി പെൺകുട്ടി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതിന് പിന്നാലെ ആയിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ല് തകർന്നു. വീടിന്റെ വാതിലും തകർത്തു. അതേ സമയം, സംഭവത്തിൽ ദുർബല വകുപ്പുകളാണ് പൊലീസ് ചുമത്തിയതെന്ന ആരോപണവും ശക്തമാണ്