വിവാദങ്ങൾക്കിടെ സിപിഐഎം സംസ്ഥാനകമ്മറ്റി

വിവാദങ്ങള്‍ക്കിടെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്നും നാളെയും ചേരും. ബിനോയ് കോടിയേരിക്കെതിരായ ആരോപണങ്ങളും ആന്തൂര്‍ നഗരസഭ ഉള്‍പ്പെട്ട വിഷയവും യോഗത്തില്‍ ചര്‍ച്ചയാകും.

0

തിരുവനതപുരം :വിവാദങ്ങള്‍ക്കിടെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്നും നാളെയും ചേരും. ബിനോയ് കോടിയേരിക്കെതിരായ ആരോപണങ്ങളും ആന്തൂര്‍ നഗരസഭ ഉള്‍പ്പെട്ട വിഷയവും യോഗത്തില്‍ ചര്‍ച്ചയാകും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ്‌ക്കെതിരായ പീഡനക്കേസ്, ആന്തൂരിൽ സിപിഐഎം അനുഭാവിയായ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം തുടങ്ങിയവ യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളും സംസ്ഥാന സമിതിയുമാണ് ചേരുക..

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയവും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചചെയ്യും. ശബരിമല വിഷയത്തിലെ നിലപാട് വിശ്വാസി സമൂഹം പാര്‍ട്ടിയില്‍ നിന്നും അകല്‍ച്ച പാലിക്കാന്‍ കാരണമായി എന്ന് നേരത്തെ സംസ്ഥാന സമിതി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശ്വാസി സമൂഹത്തെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ വേണ്ട കാര്യങ്ങളാകും യോഗം ചര്‍ച്ച ചെയ്യുക.

തുടരെ സിപിഐഎം നേതാക്കളോ ബന്ധുക്കളോ വിവാദങ്ങളിൽ അകപ്പെടുന്നത് പൊതുജനമധ്യത്തിൽ പാർട്ടിയുടെ പ്രതിച്ഛായ മോശമാക്കുന്നതായി പ്രവർത്തകർക്കിടയിൽ വിമർശനം ഉയർന്നിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ച സിഒടി നസീറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിന് പിന്നാലെയാണ് പാർട്ടിയെ പ്രതിരോധത്തിലാക്കി കണ്ണൂരിൽ പ്രവാസി വ്യവസായി ജീവനൊടുക്കിയത്.അതിനിടെ ആന്തൂർ നഗരസഭ ഭരണസമിതിക്കും ചില നേതാക്കൾക്കും എതിരെ സാജന്റെ കുടുംബം രംഗത്ത് വന്നതോടെ സിപിഐഎം ജില്ലാ നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്. പാർട്ടിയുടെ കീഴ്ഘടകങ്ങളിലും പ്രതിഷേധം ശക്തമാണ്. നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്‌ക്കെതിരെയാണ് വിമർശനങ്ങളേറെയും. ഈ പശ്ചാത്തലൽ സിപിഐഎം രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് തളിപ്പറമ്പ് ധർമ്മശാലയിൽ ചേരും. വൈകീട്ടാണ് യോഗം ചേരുക.

സിപിഐഎമ്മിന്റെ ജില്ലാ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. പി.കെ ശ്യാമളയുടെ ഭർത്താവും സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗവുമായ എം വി ഗോവിന്ദൻ യോഗത്തിൽ പങ്കെടുക്കാനിടയില്ല. അതിനിടെ സാജനെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് വിശദമായി അന്വേഷിക്കാൻ പൊലീസിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. പി.കെ ശ്യാമളയ്ക്കും നഗരസഭാ സെക്രട്ടറിക്കും മുൻസിപ്പൽ എഞ്ചിനീയർക്കും എതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

You might also like

-