സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്. പ്രായപരിധി നിശ്ചയിച്ചത് നേതാക്കന്മാർക്കിടയിൽ പരസ്യ വാക്പോരിനിടയാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ കെ ഇസ്മയിലും സി ദിവാകരനും കാനം രാജേന്ദ്രനെതിരെ രംഗത്തെത്തിയതോടെ ശക്തമായ മത്സരത്തിന് കളമൊരുങ്ങി. 75 വയസെന്ന പ്രായപരിധി മാനദണ്ഡമായാല്‍ സി ദിവാകരനും കെ ഇ ഇസ്മയിലും കമ്മിറ്റികളില്‍ നിന്ന് പുറത്ത് പോകും.

0

തിരുവനന്തപുരം | 24ാം പാർട്ടി കോൺ​ഗ്രസിന് മുന്നോടിയായുളള സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം. മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഇന്ന് വൈകീട്ട് ആറിന് പുത്തരിക്കണ്ടം മൈതാനത്ത് പതാക ഉയര്‍ത്തും. ശനിയാഴ്ച 10ന് ജനറല്‍ സെക്രട്ടറി ഡി രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച സംസ്ഥാന സെക്രട്ടറിയെയും കൗണ്‍സിലിനെയും തെരഞ്ഞെടുക്കും. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്. പ്രായപരിധി നിശ്ചയിച്ചത് നേതാക്കന്മാർക്കിടയിൽ പരസ്യ വാക്പോരിനിടയാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ കെ ഇസ്മയിലും സി ദിവാകരനും കാനം രാജേന്ദ്രനെതിരെ രംഗത്തെത്തിയതോടെ ശക്തമായ മത്സരത്തിന് കളമൊരുങ്ങി. 75 വയസെന്ന പ്രായപരിധി മാനദണ്ഡമായാല്‍ സി ദിവാകരനും കെ ഇ ഇസ്മയിലും കമ്മിറ്റികളില്‍ നിന്ന് പുറത്ത് പോകും.

വ്യാഴാഴ്ച നെയ്യാറ്റിൻകരയിൽ നടന്ന കൊടിമര കൈമാറ്റ ചടങ്ങിൽ നിന്ന് കെ ഇ ഇസ്മയിലും, സി ദവാകരനും വിട്ടുനിന്നിരുന്നു. കൊടിമരം ജാഥ ക്യാപ്റ്റന് കൈമാറേണ്ടിയിരുന്നത് ഇസ്മയിലായിരുന്നു. ഇസ്മയിൽ പിൻവാങ്ങിയതോടെ കൊടിമരം ഭക്ഷ്യവിഭവ വകുപ്പ് മന്ത്രി ജി ആർ അനിൽ ആണ് കൈമാറിയത്. പ്രായപരിധി നോക്കരുതെന്നും പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ കമ്മിറ്റികളില്‍ തുടരട്ടെയെന്നുമുള്ള നിലപാടാണ് ഇസ്മയില്‍ പക്ഷം സ്വീകരിച്ചിരിക്കുന്നത്. ചിലരെ ഒഴിവാക്കാനാണ് പ്രായപരിധി കൊണ്ടുവന്നതെന്നും ഭരണഘടന സാധുതയില്ലെന്നുമാണ് ഇസ്മയില്‍ പക്ഷത്തിന്റെ വാദം. പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇക്കാര്യം തീരുമാനിക്കുന്നതിന് മുമ്പ് സംസ്ഥാനത്ത് നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്ന വോട്ടെടുപ്പ് ആവശ്യപ്പെടാന്‍ ഇസ്മയില്‍ പക്ഷം നീക്കം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, പാര്‍ട്ടിക്കകത്തെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ താക്കീതുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രം​ഗത്തെത്തി. വിഭാഗീയതയും വ്യക്തി കേന്ദ്രീകൃതരീതിയും സിപിഐയില്‍ ഇല്ല. അത്തരത്തിൽ ആരെങ്കിലും പ്രവർത്തിച്ചാൽ പാർട്ടിയിൽ സ്ഥാനമുണ്ടാകില്ല. മുൻകാല ചരിത്രം അത് ബോധ്യപ്പെടുത്തുന്നുണ്ടെന്നും കാനം ഓർമ്മിപ്പിച്ചു. സിപിഐ മുഖ മാസികയായ നവയു​ഗത്തിൽ എഴുതിയ ലേഖനത്തിലാണ് കാനം ഇക്കാര്യം വ്യക്തമാക്കിയത്.താഴെ തട്ടില്‍ മാനദണ്ഡം നടപ്പാക്കിയത് കൊണ്ട് നേതൃനിരയിലും ഇത് ബാധകമാണെന്നാണ് കാനം വിഭാഗത്തിന്റെ വാദം. ആലപ്പുഴ, തൃശൂര്‍, എറണാകുളം, പാലക്കാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ കാനത്തിനാണ് ആധിപത്യം. മലപ്പുറം, കോട്ടയം, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ സമ്മേളനത്തില്‍ വോട്ടെടുപ്പ് നടന്നിരുന്നു. നിരീക്ഷകർ ഉൾപ്പെടെ 563 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുക.

You might also like

-