സിപിഐ നേതാവ് സുധീർഖാന് പൊള്ളലേറ്റ സംഭവം ആസിഡ് അക്രമണമാണെന്ന് പോലീസ്
പരിക്കേറ്റ സുധീർഖാന്‍റെ സുഹൃത്തായ സിപിഐ നേതാവ് സജികുമാർ വീട്ടിലെത്തിയതിന് പിന്നാലെയാണ് സംഭവം നടന്നതെന്ന് സുധീർഖാന്‍റെ ഭാര്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതേതുടർന്ന് നടത്തിയ പരിശോധനയിലാണ് വീടിനു സമീപത്തുനിന്ന് ആസിഡിന്‍റെ കുപ്പി കണ്ടെത്തിയത്
തിരുവനന്തപുരം| മാറനല്ലൂർ പഞ്ചായത്തംഗവും സിപിഐ നേതാവുമായ സുധീർഖാന് പൊള്ളലേറ്റ സംഭവം ആസിഡ് അക്രമണമാണെന്ന് വ്യക്തമായി. ആസിഡ് കൊണ്ടുവന്ന കുപ്പി വീടിനു പരിസരത്ത് നിന്ന് പോലസ് കണ്ടെത്തിയതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. പരിക്കേറ്റ സുധീർഖാന്‍റെ സുഹൃത്തായ സിപിഐ നേതാവ് സജികുമാർ വീട്ടിലെത്തിയതിന് പിന്നാലെയാണ് സംഭവം നടന്നതെന്ന് സുധീർഖാന്‍റെ ഭാര്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതേതുടർന്ന് നടത്തിയ പരിശോധനയിലാണ് വീടിനു സമീപത്തുനിന്ന് ആസിഡിന്‍റെ കുപ്പി കണ്ടെത്തിയത്. സാരമായി പരിക്കേറ്റ സുധീര്‍ഖാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മൊബൈല്‍ പൊട്ടിത്തെറിച്ചതാണെന്നാണ് സുധീര്‍ഖാന്‍ പൊലീസിന് നല്‍കിയ പ്രാഥമിക മൊഴി. എന്നാല്‍ എങ്ങനെയാണ് പൊള്ളലേറ്റത് എന്നതില്‍ വ്യക്തതയില്ലെന്ന് മാറനല്ലൂര്‍ സി ഐ ജി അനൂപ് പറഞ്ഞു. ആസിഡ് ആക്രമണവും സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാറായിട്ടില്ലെന്നും ഫോറന്‍സിക് പരിശോധനകളുടെ റിപ്പോര്‍ട്ട് വന്നതിനുശേഷമെ വ്യക്തമാകൂ എന്നും സിഐ അറിയിച്ചു.മുഖത്തും ശരീരത്തുമായി 30 ശതമാനത്തോളം പൊള്ളലേറ്റ സുധീർഖാനെ ആദ്യം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പഞ്ചായത്തിലെ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ് സുധീർ ഖാൻ.