പ്രതിപക്ഷ ആരോപണങ്ങള്‍ അംസബന്ധ നാടകം. സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനം കണ്ട് യുഡിഎഫിനും ബിജെപിക്കും ഉറക്കം നഷ്ടപ്പെടുകയാണെന്നും കാനം
കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാരും സർക്കാർ സംവിധാനമൊന്നാകെയും ഈ മഹാമാരിയെ പ്രതിരോധിക്കാൻ രംഗത്തിറങ്ങി.
തിരുവനതപുരം :യു ഡി എഫ് നെയും ബിജെപിയേയും കടന്നക്രമിച്ചു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രതിപക്ഷ ആരോപണങ്ങള്‍ അംസബന്ധ നാടകം. കേരളത്തിന്റെ നിലപാടുകള്‍ സംരക്ഷിക്കാനല്ല യുഡിഎഫിന്റേയും ബിജെപിയുടേയും ശ്രമം. സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനം കണ്ട് യുഡിഎഫിനും ബിജെപിക്കും ഉറക്കം നഷ്ടപ്പെടുകയാണെന്നും പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിലെഴുതിയ ലേഖനത്തില്‍ കാനം വിശദീകരിക്കുന്നു. യുഡിഎഫ്ബി-ജെപി നിലപാടുകൾ കേരള താൽപ്പര്യം സംരക്ഷിക്കുന്നതല്ല എന്ന തലക്കെട്ടിലാണ് ലേഖനം.
കാനം രാജേന്ദ്രന്റെ ലേഖനം
‘’കോവിഡ് 19 മഹാമാരി ലോകമാകമാനം ദുരന്തം വിതച്ചുകൊണ്ടിരിക്കുകയാണിപ്പോഴും. ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ വൈറസിന്റെ ആക്രമണം അതിർത്തികളെയെല്ലാം ഭേദിച്ച് ലോകത്തിന്റെ മുക്കിലും മൂലകളിലുമെത്തി. ഇന്ത്യയിൽ ആദ്യം കൊറോണ സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. ചൈനയിലെ മരണത്തിന്റെ കണക്കുകൾ നാം കേട്ടുതുടങ്ങുകയായിരുന്നു അപ്പോൾ. തൃശൂരിലും ആലപ്പുഴയിലും ആദ്യ കോവിഡ് ബാധിതരുണ്ടായപ്പോൾ തന്നെ ഫലപ്രദമായി ഇടപെടാൻ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനായത് ശ്രദ്ധേയമായിരുന്നു. രോഗബാധിതരെ ചികിത്സിച്ച് രോഗവിമുക്തരാക്കാനും മറ്റാളുകളിലേക്ക് രോഗം പകരാതിരിക്കാനും ആരോഗ്യവകുപ്പിന്റേയും സർക്കാരിന്റേയും പ്രവർത്തനങ്ങൾക്കായി. ദുരന്തമൊഴിഞ്ഞു എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് മാർച്ച് ആദ്യവാരം വിദേശത്തുനിന്ന് എത്തിയവരിൽ രോഗബാധയുണ്ടെന്ന് തെളിഞ്ഞത്. അവരിൽ നിന്ന് മറ്റാളുകളിലേക്കും രോഗം പകർന്നു. പിന്നീട് നാം കാണുകയും കേൾക്കുകയും ചെയ്തത് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രോഗബാധിതരുണ്ടാവുന്നതാണ്. ഈ മഹാമാരിയെ ലാഘവത്തോടെയാണ് അമേരിക്കയടക്കമുള്ള വമ്പൻ സാമ്പത്തികശക്തിരാഷ്ട്രങ്ങൾ കണ്ടത്. അതേ പാതയിലായിരുന്നു ആദ്യം ഇന്ത്യാഗവൺമെന്റും. ട്രംപിന് സ്വീകരണം നൽകൽ, മദ്ധ്യപ്രദേശിലെ ഭരണത്തെ അട്ടിമറിക്കൽ എന്നിങ്ങനെയുള്ള കലാപരിപാടികളിൽ അഭിരമിക്കുകയായിരുന്നു ദേശീയ ഭരണരാഷ്ട്രീയ നേതാക്കൾ.
എന്നാൽ കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാരും സർക്കാർ സംവിധാനമൊന്നാകെയും ഈ മഹാമാരിയെ പ്രതിരോധിക്കാൻ രംഗത്തിറങ്ങി. സാമൂഹ്യ അകലം പാലിക്കൽ, സാനിറ്റൈസർ ഉപയോഗിക്കാനും നിരന്തരമായി കൈകഴുകാന്‍ പ്രേരിപ്പിക്കൽ എന്നിങ്ങനെയുള്ള കാര്യങ്ങൾ ജനങ്ങളെ ബോധവൽക്കരിക്കാൻ ഭരണനായകർ തന്നെ നേരിട്ടിറങ്ങിയപ്പോൾ അത് ഇന്ത്യക്കാകെ മാതൃകയായി. ലോക്ഡൗൺ പ്രഖ്യാപിച്ചും നിയമസഭാസമ്മേളനം നിർത്തിവെച്ചും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും അവധി നൽകിയും കേരളം കാട്ടിയ മുൻകരുതൽ ഒന്നുകൊണ്ടു മാത്രമാണ് സമൂഹവ്യാപനം എന്ന ദുരന്തത്തിലേക്ക് നമ്മുടെ നാട് വീഴാതിരുന്നത്. വിരലിലെണ്ണാവുന്ന രോഗികൾ മാത്രമേയുള്ളു എന്നതിന്റെ പേരിൽ ഇത്ര കടുപ്പത്തിലുള്ള നടപടികളൊന്നും വേണ്ടതില്ല എന്ന അഭിപ്രായ പ്രകടനങ്ങളായിരുന്നു കേരളത്തിലെ പ്രതിപക്ഷത്തിന് അന്നുണ്ടായിരുന്നത്. ആ വാദഗതികൾ എത്രമേൽ അബദ്ധമായിരുന്നുവെന്ന് ഇന്ന് നാം മനസിലാക്കുന്നുണ്ട്. കേരളം സ്വീകരിച്ച മുൻകരുതലുകളുടെ ഗുണഫലം അനുഭവിക്കുകയാണ് ഇന്ന് ഈ സംസ്ഥാനത്തെ മുഴുവനാളുകളും. കൊറോണവൈറസ് ബാധിതരുടെ മരണസംഖ്യ അമ്പരപ്പിക്കുന്നതായി തുടരുകയാണ് ഇപ്പോഴും. ഇറ്റലിയും അമേരിക്കയുമെല്ലാം നമ്മിലേക്ക് സന്നിവേശിപ്പിച്ചതും അതേ ഭീതി തന്നെയായിരുന്നു.
ലോകമെമ്പാടും മരണത്തിന്റെ താണ്ഡവനൃത്തം നടക്കുമ്പോൾ നമ്മുടെ സംസ്ഥാനം ആശ്വാസത്തിന്റെ തുരുത്തായി മാറി. ഫലപ്രദമായ ഇടപെടലുകൾ തീർക്കാൻ സർക്കാർ സംവിധാനം അപ്പാടെ വിശ്രമരഹിതമായി പ്രവർത്തിച്ചു. സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള സംവിധാനങ്ങൾ പിഴവുകളേയില്ലാതെ പ്രവർത്തിച്ചപ്പോൾ കേരളം ഇന്ത്യക്കും ലോകത്തിനും വീണ്ടും മാതൃകയായി. പ്രാഥമിക ചികിത്സാകേന്ദ്രങ്ങളും സർക്കാർ ആരോഗ്യ സംവിധാനങ്ങളും എക്കാലവും കേരളത്തിലെ സാധാരണക്കാരന്റെ ആശ്രയ കേന്ദ്രങ്ങളാണ്. കേരളത്തിലെ കോവിഡ് രോഗികളെയെല്ലാം ചികിത്സിക്കുന്നത് നമ്മുടെ സർക്കാർ ആശുപത്രികളും അവിടുത്തെ അർപ്പണബോധമുള്ള ആരോഗ്യ പ്രവർത്തകരുമാണ് എന്നതും ചികിത്സയും പരിചരണവുമെല്ലാം തീർത്തും സൗജന്യമാണ് എന്നതും പ്രത്യേകം പരാമർശിക്കേണ്ടതാണ്. നാടനെന്നോ മറുനാടനെന്നോ വ്യത്യാസം കൂടാതെ എല്ലാവരെയും തുല്യപരിഗണനയോടെ ചികിത്സിക്കാനായതും കേരളത്തിന്റെ പ്രത്യേകതയാണ്. ലോകരാജ്യങ്ങൾ കോവിഡ് 19നു മുമ്പിൽ പകച്ചും പതറിയും നിൽക്കുമ്പോൾ കേരളം ആത്മവിശ്വാസത്തോടെ നിന്നു. ഏത് അടിയന്തിരസാഹചര്യത്തെയും നേരിടാൻ തങ്ങൾക്കാവുമെന്ന് കേരളം ഉറപ്പു നൽകിയത് എല്ലാവർക്കും ആശ്വാസമായി. നമ്മുടെ കൊച്ചുകേരളം സെയ്ഫ്‌സോണായി നിലയുറപ്പിക്കുന്നത് ഏറെ അഭിമാനകരവുമാണ്. കോവിഡ് മരണനിരക്ക് ആഗോളതലത്തിൽ 5.7 ശതമാനമാണ്.
ഇന്ത്യയിൽ അത് 2.8 ശതമാനമാകുമ്പോൾ കേരളത്തിൽ മരണ നിരക്ക് 0. 58 ശതമാനം മാത്രമാണ് എന്നത് ഏറെ ആശ്വാസകരമാണ്. വമ്പൻ രാജ്യങ്ങൾക്കു സാധിക്കാൻ കഴിയാത്തത് നമുക്കായതിന്റെ പിന്നിൽ കേരളം പതിറ്റാണ്ടുകളായി ഉയർത്തിപ്പിടിക്കുന്ന നിലപാടിന്റെ കരുത്തും സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഇച്ഛാശക്തിയുമുണ്ട്. കേരളത്തിൽ ജനജീവിതം സ്തംഭിച്ചിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. ജനങ്ങൾക്ക് അത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുമുണ്ട്. എന്നാൽ ഇന്ത്യക്കാകെ മാതൃകയായ തരത്തിൽ ജനങ്ങളെ സഹായിക്കാനും കേരള സർക്കാരിനായി. 20,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ജനങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ മുന്നിലുണ്ടെന്ന് സർക്കാർ പ്രഖ്യാപിച്ചപ്പോൾ കേരളത്തിലെ ജനങ്ങളൊന്നാകെ ഇരുകൈകളും നീട്ടിയാണത് സ്വീകരിച്ചത്. ലോക്ഡൗണിന്റെ കാലത്ത് ഒരുവീട്ടിൽപോലും ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടാവാൻ പാടില്ലെന്ന കരുതലിനെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. എല്ലാ പഞ്ചായത്ത് മുനിസിപ്പൽ കോർപ്പറേഷൻ മേഖലകളിലും കേരളം തുടങ്ങിയ സമൂഹ അടുക്കള മുതൽ എണ്ണിയെണ്ണിപ്പറയാൻ കഴിയുന്ന നൂറുകണക്കിന് നടപടികളാണ് സർക്കാർ സ്വീകരിച്ചത്. എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യറേഷൻ എന്നതും നാം നടപ്പിലാക്കി. ഭക്ഷ്യസാധനങ്ങൾ ഉൾക്കൊള്ളുന്ന കിറ്റും പണക്കാരൻ പണിക്കാരൻ എന്നൊന്നുമുള്ള വ്യത്യാസമില്ലാതെ എല്ലാവരിലേക്കും എത്തികൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കായ ആളുകൾക്ക് സാമൂഹ്യക്ഷേമപെൻഷനുകൾ നൽകി.
എല്ലാ തൊഴിലാളികളേയും സംരക്ഷിക്കുന്ന നടപടികൾ സ്വീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെയെത്തി ജോലി ചെയ്യുന്ന തൊഴിലാളികളെ അതിഥി തൊഴിലാളികളായി കണ്ട് സംരക്ഷണ നടപടികൾ സ്വീകരിച്ചു. കൃഷിക്കാരുടെ ഉൽപ്പന്നങ്ങൾ ന്യായമായ വില നൽകി ഏറ്റെടുക്കാൻ സംവിധാനമൊരുക്കി. ഈ പട്ടികയിൽ ഇനിയും ചേർക്കേണ്ട ഇനങ്ങളുണ്ട്. ഇതെല്ലാം ഇന്ത്യക്കും ലോകത്തിനും മാതൃകയായി നടപ്പിലാക്കിയവയാണ്. ഈ സമയത്തെല്ലാം പ്രതിപക്ഷത്തിന്റെ നിലപാടെന്തായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. എന്തിനുമേതിനും കുറ്റപ്പെടുത്താൻ കച്ചകെട്ടിയിറങ്ങിയവരെയാണ് നാം അവരിൽ കണ്ടത്. ഒരു ദുരന്തവേളയിൽ കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്കെത്തേണ്ടതുണ്ട്. അതിനായി പരിശ്രമിച്ച ആരോഗ്യമന്ത്രിയെ ആക്ഷേപിക്കുകയായിരുന്നു പ്രതിപക്ഷം. ലോക്ഡൗണിനേയും അവർ എതിർത്തു. അമേരിക്കയാണ് മാതൃക എന്നു കൂടി പറഞ്ഞുവെച്ചു. ആനുകൂല്യവിതരണങ്ങൾ, ഭക്ഷ്യധാന്യ വിതരണം എന്നിവയേയും അപഹസിക്കാൻ അവർക്ക് മടിയുണ്ടായില്ല. സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം എന്നത് ഏവർക്കും അറിയാം. രണ്ടു പ്രളയങ്ങൾ തകർത്തെറിഞ്ഞ നാടാണിത്. അർഹതപ്പെട്ട സഹായം നമുക്ക് നൽകാതിരുന്ന കേന്ദ്ര സർക്കാരിന്റെ നടപടികളും സഹായിക്കാൻ തയ്യാറായ രാജ്യങ്ങളെ വിലക്കിയ കാര്യവുമൊന്നും നാം മറന്നിട്ടില്ല. പ്രയാസങ്ങൾക്കിടയിലും നാം ഈ മഹാമാരിയെ പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങിയപ്പോൾ സഹായിക്കാൻ സുമനസുകൾ തയ്യാറായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ പാടില്ലെന്ന വാദഗതിയുമായി ഒരു പ്രതിപക്ഷ എംഎൽഎ രംഗത്തെത്തിയപ്പോൾ അതിനെ തിരുത്താൻ തയ്യാറാവാതെ അയാൾക്ക് പിന്തുണയും പിൻബലവും നൽകുകയായിരുന്നു പ്രതിപക്ഷ നേതാവടക്കമുള്ളവർ ചെയ്തത്.
ദുരിതാശ്വാസനിധിയുടെ കണക്കുകൾ സർക്കാർ കൃത്യമായി സൂക്ഷിക്കുന്നതാണെന്നും മുൻകാലങ്ങളിലെല്ലാം തുടർന്നുകൊണ്ടിരിക്കുന്ന രീതിയിൽ തന്നെയാണ് ഇപ്പോഴും അതിന്റെ വിനിയോഗമെന്നും ഉള്ള കാര്യങ്ങൾ മറച്ചു പിടിച്ചുകൊണ്ടാണ് യുഡിഎഫ് ആക്ഷേപ ശരങ്ങളുമായെത്തിയത്. കേന്ദ്രത്തിന്റെ അവഗണനയുടെ കാര്യം ഒന്ന് ഉറക്കെപ്പറയാൻ പോലും അവർ തയ്യാറാവാതിരുന്നതിന്റെ അർത്ഥം പിടികിട്ടുന്നേയില്ല. ആരോഗ്യം ഒരു സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പ്രശ്നം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ആരോഗ്യം മൗലിക അവകാശമാണെന്നും പറയുന്നത്. ജനങ്ങളുടെ ആരോഗ്യ നിലവാരം ഉയർത്താൻ ഉതകുന്ന നയങ്ങളും പരിപാടികളും ഉണ്ടാവണം. പ്രതീകാത്മകപ്രവർത്തനങ്ങളും പ്രകടനപരതയുമല്ല നാടിനിപ്പോൾവേണ്ടത്. സ്വന്തം ജനതയെ കൈവിടാതെ ക്രിയാത്മകമായ ഇടപെടലുകൾ തീർക്കുന്ന ഭരണകൂടത്തെയാണ് ജനം കാത്തിരുന്നത്. അതാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ ഇപ്പോൾ കാഴ്ചവെക്കുന്നത്. ദുരിതവും ദുരന്തവും ചുറ്റിലും നിറയുമ്പോൾ വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും സാന്ത്വനവും ശക്തിയും പകർന്നു നൽകുന്ന ഭരണകൂടത്തെയാണ് ജനങ്ങൾക്കു വേണ്ടത്. അത്തരമൊരു പ്രവർത്തനം കേരളസർക്കാർ കാഴ്ചവെക്കുമ്പോൾ യുഡിഎഫിനും ബിജെപിക്കും ഉറക്കം നഷ്ടപ്പെടുക സ്വാഭാവികം മാത്രമാണ്. എതിർപ്പുകളുമായി രംഗത്തിറങ്ങാനാണ് ഈ മഹാമാരിക്കാലത്തെല്ലാം പ്രതിപക്ഷനേതാവടക്കമുള്ളവരും ബിജെപി നേതാക്കൻമാരും പരിശ്രമിച്ചത്. ദുരന്തസമയത്ത് ഫ്രലപ്രദമായി പ്രവർത്തിക്കുന്ന സർക്കാരിനൊപ്പം നിൽക്കുക എന്നാൽ ജനങ്ങൾക്കൊപ്പം നിൽക്കുക എന്നാണ്. അതാണ് കേരളത്തിനുവേണ്ടത് എന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം. പക്ഷേ ആരു മരിച്ചാലും സർക്കാരിന്റെ കണ്ണീരുകണ്ടാൽ മതിയെന്ന ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിനും ബിജെപിക്കുമുള്ളത്.
കോവിഡ് 19 നേക്കാൾ മാരകമായ ചിന്താഗതി സ്വീകരിക്കുന്ന ഇത്തരക്കാരെ കൈയ്യൊഴിയാൻ കേരളം തയ്യാറാവുക തന്നെ ചെയ്യും. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ മികച്ച പ്രവർത്തനം കാഴ്ചവെക്കുമ്പോൾ അത് രാഷ്ട്രീയമായി തങ്ങൾക്ക് ക്ഷീണമുണ്ടാക്കുന്നുവെന്നും കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ആത്മാർത്ഥമായി സഹകരിക്കാൻ തയ്യാറാവാത്തതിനാൽ ജനം കൈയ്യൊഴിയുമെന്ന ബോധ്യമാണ് ദുരന്ത കാലത്ത് സർക്കാരിനെതിരെ നിലപാടെടുക്കാൻ പ്രതിപക്ഷത്തേയും ബിജെപിയേയും പ്രേരിപ്പിക്കുന്നതെന്ന് ഏവർക്കും ബോധ്യപ്പെടുന്നുണ്ട്. ഈ മഹാമാരിക്കാലത്തെങ്കിലും ഇത്തരം അസംബന്ധ നാടകങ്ങൾ നടത്തി അപഹാസ്യരാകാതിരിക്കാൻ കഴിയണമെന്ന് ആഗ്രഹിക്കാനേ നമുക്ക് കഴിയൂ. ഒരിക്കലും നന്മ ലഭിക്കാത്ത നസ്രേത്താണ് തങ്ങളെന്ന് യുഡിഎഫും ബിജെപിയും വീണ്ടും തെളിയിക്കുകയാണ്. അവരുടെ നിലപാടുകൾ കേരളത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഉതകുന്നതേയല്ല.’’