സിപിഐ ഇടുക്കി ജില്ലാ സമ്മേളന റിപ്പോർട്ടിൽ സിപിഐഎമ്മിനും എം എം മണിക്കുമെതിരെ രൂക്ഷ വിമർശനം

എം എം മാണി മന്ത്രിയായിരിക്കെ സി പി ഐ തകരേണ്ടപാർട്ടിയാണെന്നു പ്രസംഗിച്ചിരിന്നു .സി പി ഐ എം പിണറായിസം നടപ്പാക്കുവാൻ ശ്രമിക്കുന്നതായി രൂക്ഷമായി റിപ്പോർട്ടില്‍ വിമർശിക്കുന്നു

തൊടുപുഴ | സിപിഐ ഇടുക്കി ജില്ലാ സമ്മേളന റിപ്പോർട്ടിൽ സിപിഐഎമ്മിനും എം എം മണിക്കുമെതിരെ രൂക്ഷ വിമർശനം. എം.എം മണി സി.പി.ഐയെ ഇല്ലാതാക്കണമെന്ന് പ്രസംഗിച്ചയാളാണ്. ജില്ലയിലെ വിവിധ വിഷയങ്ങളില്‍ സി.പി.ഐ.എം, സി.പി.ഐക്ക് എതിരായ നിലപാട് സ്വീകരിക്കുന്നുവെന്നും ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം .എം എം മണി മന്ത്രിയായിരിക്കെ സി പി ഐ തകരേണ്ടപാർട്ടിയാണെന്നു പ്രസംഗിച്ചിരിന്നു .സി പി ഐ എം പിണറായിസം നടപ്പാക്കുവാൻ ശ്രമിക്കുന്നതായി രൂക്ഷമായി റിപ്പോർട്ടില്‍ വിമർശിക്കുന്നു. സർക്കാർ നടപ്പാക്കിയ വികസന നേട്ടങ്ങൾ ഒരു വ്യക്തിയുടെ കഴിവാണെന്ന് വരുത്തി തീർക്കുവാൻ സംഘടിത ശ്രമം നടത്തുന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. മുന്നണിയിൽ കേരള കോൺ​ഗ്രസിന് നൽകുന്ന പ്രധാന്യം തിരുത്തേണ്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2016ൽ അധികാരത്തിൽ വന്ന ഒന്നാം എൽഡിഎഫ് സർക്കാരിനെ അപേക്ഷിച്ച് 2021ൽ അധികാരത്തിൽ വന്ന രണ്ടാം സർക്കാരിൻ്റെ പ്രവർത്തനം തൃപ്തികരമല്ലെന്ന അഭിപ്രായവും റിപ്പോർട്ട് പങ്കുവെയ്ക്കുന്നുണ്ട്. വനംവകുപ്പിനെതിരെയും റിപ്പോർട്ടിൽ രൂക്ഷവിമർശനമുണ്ട്. വനം വന്യജീവി സംഘർഷം ഒഴിവാക്കാൻ വനംവകുപ്പിന് കഴിയുന്നില്ലെന്നും വനം വകുപ്പ് തമ്പുരാക്കന്മാർക്ക് പാവപ്പെട്ട മനുഷ്യ ജീവൻറെ വില അറിയില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

സിപിഐ ഭരിക്കുന്ന വകുപ്പുകൾക്ക് ഫണ്ടില്ലെന്നും സിപിഐഎം ഭരിക്കുന്ന വകുപ്പുകൾക്ക് ധനമന്ത്രി വാരിക്കോരി കൊടുക്കുന്നുവെന്നും റിപ്പോർട്ടിൽ വിമർശനം. സിവിൽ സപ്ലൈസ്, കൃഷി- മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾക്ക് ഫണ്ട് നൽകുന്നതിൽ ധമന്ത്രി പിശുക്ക് കാണിക്കുന്നു. സിപിഐഎം നേതാക്കളുടെ അനവസരത്തിലുള്ള ചില പ്രസ്താവനകളും ബ്രൂവറി പോലെയുള്ള മദ്യ ഉൽപ്പന്നം ഉണ്ടാക്കാനുള്ള തീരുമാനങ്ങളും തങ്ങൾക്ക് ഇഷ്ടമില്ലാത്തവർ നടത്തുന്ന സമരങ്ങളോടുള്ള നിഷേധാത്മക സമീപനങ്ങളും തിരുത്തി കൂടുതൽ ജനപക്ഷ നിലപാടുകൾ എടുക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

ജില്ലയിലെ സിപിഐ-സിപിഐഎം ബന്ധം താരതമ്യേന മെച്ചപ്പെട്ട നിലയിലാണെന്നും പുറമെ സൗഹൃദം നിലനിർത്തുമ്പോഴും ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ സിപിഐയെ പ്രതിസ്ഥാനത്ത് നിർത്തുന്ന കാമ്പയിനുകൾ സിപിഐഎം സംഘടിപ്പിക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. എം എം മണി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി കെ കെ ജയചന്ദ്രൻ വന്നപ്പോൾ ജില്ലയിലെ വിവിധ വിഷയങ്ങളിൽ യോജിച്ച നിലപാട് സ്വീകരിച്ചിരുന്നുവെന്ന കാര്യവും റിപ്പോർട്ട് ഓർമ്മപ്പെടുത്തുന്നുണ്ട്. എന്നാൽ അപ്പോഴും മന്ത്രി ആയിരുന്ന മണി സിപിഐക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്.

സി വി വർ​ഗീസ് സെക്രട്ടറി ആയപ്പോഴും ബന്ധം ഒരുതരത്തിൽ മെച്ചപ്പെട്ടതാണെന്ന് പറയാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. അപ്പോഴും ജില്ലയിലെ വിവിധ ജനകീയ വിഷയങ്ങളിൽ സിപിഐക്കെതിരായ നിലപാട് സിപിഐഎം എടുക്കുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. മൂന്നാറിൽ സിപിഐ – സിപിഐഎം ബന്ധം ഒട്ടും മെച്ചപ്പെട്ടതല്ലെന്നും റിപ്പോർട്ടി വ്യക്തമാക്കുന്നുണ്ട്. സിപിഐ തകരേണ്ട പ്രസ്ഥാനമാണ്, തകർക്കുക തന്നെ ചെയ്യും എന്ന് എംഎം മണി മുട്ടുകാട്ടിൽ പ്രസംഗിച്ചതാണ്. അവരുടെ നിലപാട് ഇപ്പോഴും അതുതന്നെയാണ്. എന്നാൽ ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുവാൻ അവരെ സഹിക്കുക തന്നെ വേണം എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.കട്ടപ്പനയിൽ ഇന്ന് രാവിലെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. സിപിഐയുടെ ഇടുക്കി അസിസ്റ്റൻ്റ് ജില്ലാ സെക്രട്ടറിയായിരുന്നു പി പളനിവേലിൻ്റെ മരണത്തെ തുടർന്ന് ജൂലൈ പതിനേഴിന് ആരംഭിക്കാനിരുന്ന സമ്മേളനത്തിലെ രണ്ട് ദിവസത്തെ നടപടിക്രമങ്ങൾ മാറ്റി വെയ്ക്കുകയായിരുന്നു.

You might also like

-