കോവിഡ് 19 ലൈംഗിക ബന്ധത്തിലൂടെ പകരില്ല പഠനം
കോവിഡ് രോഗബാധിതരായിരുന്ന ചൈനീസ് പുരുഷന്മാരിലാണ് ഇവർ പഠനം നടത്തിയത്.
വാഷിംഗ്ടണ്‍: കോവിഡ് 19 ലൈംഗികമായി പകരാനുള്ള സാധ്യത കുറവാണെന്ന് പഠനം. യുഎസിലെ യൂട്ട യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ. കോവിഡ് രോഗബാധിതരായിരുന്ന ചൈനീസ് പുരുഷന്മാരിലാണ് ഇവർ പഠനം നടത്തിയത്. ഇവരുടെ ശുക്ലത്തിലോ വൃഷണങ്ങളിലോ രോഗം വ്യാപിപ്പിക്കുന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. ഇതിനെ തുടർന്നാണ് ലൈംഗിക ബന്ധത്തിലൂടെ രോഗം പകരില്ലെന്ന് നിഗമനത്തിൽ ഇവിടുത്തെ ശാസ്ത്രജ്ഞൻമാർ എത്തിയത്. ഇത് സംബന്ധിച്ച പഠനം ഫെർട്ടിലിറ്റി ആൻഡ് സ്റ്റെറിലിറ്റി എന്ന ജേണലിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലൈംഗികമായി രോഗം പകരില്ല എന്ന് ഉറപ്പായി പറയുന്ന തരത്തിലുള്ള സമഗ്രമായ പഠനം അല്ല നടന്നതെങ്കിലും ഇപ്പോഴുള്ള ചെറിയ കണ്ടെത്തലുകൾ വച്ച് അത്തരത്തിൽ രോഗം പകരാൻ സാധ്യത വളരെ കുറവാണെന്നാണ് പഠനത്തിന് നേതൃത്വം നൽകിയവരിലൊരാളായ പ്രൊഫസർ ജെയിംസ് ഹോട്ടലിംഗ് പറയുന്നത്. ‘ ഇപ്പോൾ നടത്തിയ ഒരു ചെറിയ പ്രാഥമിക പരിശോധനയിൽ കോവിഡ് 19 പരത്തുന്ന വൈറസ് പുരുഷന്മാരുടെ വൃഷണങ്ങളിലോ ശുക്ലത്തിലോ കണ്ടെത്താനായിട്ടില്ല.. ഇതൊരു പ്രധാന കണ്ടെത്തൽ തന്നെയാണ്.. കോവിഡ് 19 പോലെ ഒരു രോഗം ലൈംഗികമായി പകരുകയാണെങ്കിൽ അത് രോഗ പ്രതിരോധ പ്രവർത്തനങ്ങളിലും അതുപോലെ തന്നെ പുരുഷന്റെ പ്രതുത്പ്പാദനപരമായ ആരോഗ്യത്തിനും വലിയ പ്രത്യാഘാതങ്ങൾ തന്നെ സൃഷ്ടിക്കും’ എന്നായിരുന്നു ജെയിംസിന്റെ വാക്കുകൾ
എബോള, സിക തുടങ്ങിയ രോഗങ്ങൾ പോലെ കോവിഡ് 19ഉം ലൈംഗിക ബന്ധം വഴി പകരുന്ന രോഗമാണെന്ന (sexually transmitted disease) ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് ചൈനയിലെയും യുഎസിലെയും ഗവേഷകർ പഠനം ആരംഭിച്ചത്. ഇതിനായി ഇവർ കൊറോണ ബാധിതരായ 34 പുരുഷന്മാരുടെ ശുക്ലം ശേഖരിച്ചാണ് പരിശോധന നടത്തിയത്. എന്നാൽ ഇതിൽ വൈറസ് സാന്നിധ്യം കണ്ടെത്താനായില്ല. ശുക്ലത്തിൽ വൈറസ് സാന്നിധ്യം കണ്ടെത്താനായില്ലെങ്കിലും ശുക്ലം ഉത്പ്പാദിപ്പിക്കുന്ന വൃഷണങ്ങളിൽ വൈറസ് ഉണ്ടാകാമെന്ന സാധ്യതയും ഇവർ തള്ളിക്കളഞ്ഞിട്ടില്ല. അത്തരത്തിലുണ്ടെങ്കിൽ അത് പ്രത്യുത്പ്പാദന പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് പറയുന്നത്.