രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,09,918 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,09,918 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോൾ രോഗികളുടെ എണ്ണത്തിൽ 10 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 959 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം 4,10,92,522 ആയി. 4,94,091 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,62,628 പേർ രോഗമുക്തി നേടി. 18,31,268 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.77 ശതമാനമാണ്. രോഗമുക്തി നിരക്ക് 94.37 ശതമാനവും. 1,66,03,96,227 പേർ പൂർണമായും വാക്സിൻ സ്വീകരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഫെബ്രുവരി 28 വരെ കൊവിഡ് നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്രം അറിയിച്ചു. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 51,570 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 59,83,515 ആയി ഉയർന്നു. അതേസമയം, കഴിഞ്ഞ ആഴ്ച 21 ദശലക്ഷം കൊവിഡ് കേസുകളാണ് ലോകത്താകമാനം സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കോവിഡ് ആദ്യമായി കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും ഉയന്ന സ്ഥിരീകരണ നിരക്കാണിത്.