കോവിഡ് രോഗം ബാധിച്ചയാളുടെ സംസ്കാരം തടഞ്ഞ സംഭവത്തിൽ ബിജെപി കൗൺസിലർ ടി.എന്‍.ഹരികുമാറിനെതിരെ കേസെടുത്തു
ജനവാസ മേഖല ആയതിനാൽ കോവിഡ് പകരും എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു വാർഡ് കൗൺസിലറായ ടി.എന്‍.ഹരികുമാറിന്‍റെ നേതൃത്വത്തിൽ ശ്മശാനം അടച്ചും റോഡ് ഉപരോധിച്ചും നാട്ടുകാര്‍ തടഞ്ഞത്.
കോട്ടയം: കോവിഡ് രോഗം ബാധിച്ചയാളുടെ സംസ്കാരം തടഞ്ഞ സംഭവത്തിൽ ബിജെപി കൗൺസിലർ ടി.എന്‍.ഹരികുമാറിനെതിരെ കേസെടുത്തു. ഇദ്ദേഹത്തെ കൂടാതെ കണ്ടാലറിയാവുന്ന 50 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജിന്റെ സംസ്കാരത്തെ ചൊല്ലിയാണ് പ്രതിഷേധം.
ജനവാസ മേഖല ആയതിനാൽ കോവിഡ് പകരും എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു വാർഡ് കൗൺസിലറായ ടി.എന്‍.ഹരികുമാറിന്‍റെ നേതൃത്വത്തിൽ ശ്മശാനം അടച്ചും റോഡ് ഉപരോധിച്ചും നാട്ടുകാര്‍ തടഞ്ഞത്.ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഔസേപ്പിന്റെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ആരംഭിച്ചത്. മുട്ടമ്പലത്ത് സംസ്കരിക്കുന്നത് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. ശ്മശാനത്തിനുസമീപം വീടുകളുണ്ട് എന്നതായിരുന്നു നാട്ടുകാരുടെ ആശങ്ക. മരിച്ചയാളെ അടക്കാൻ പള്ളിയുമായി ബന്ധപ്പെട്ട സ്ഥലമുണ്ടായിട്ടും ഇവിടേക്കു കൊണ്ടുവന്നതിൽ ദുരൂഹതയുണ്ടെന്ന ആരോപണമാണ് നാട്ടുകാർ ഉയർത്തിയത്. ജില്ലാ ഭരണകൂടമാണ് ഇവിടെ സംസ്കരിക്കാനുള്ള തീരുമാനമെടുത്തത്.ശ്മശാനത്തിന് സമീപം താമസിക്കുന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ റോഡിൽ കുത്തിയിരുന്ന് മാർഗതടസം സൃഷ്ടിച്ചു. ശ്മശാനത്തിലേക്കുള്ള വഴി കെട്ടി അടക്കുകയും ചെയ്തു. ജനപ്രതിനിധികളെ പോലും അറിയിക്കാതെ രഹസ്യമായാണ് മൃതദേഹം കൊണ്ടുവന്നതെന്നാണ് നാട്ടുകാർ ആരോപിച്ചത്.