ജനിതക മാറ്റം വന്ന കൊവിഡ്: സംസ്ഥാനം അതീവ ജാഗ്രതയിലെന്ന് ആരോഗ്യമന്ത്രി

ബ്രിട്ടനില്‍ നിന്നെത്തിയ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു.

0

ജനിതക മാറ്റം വന്ന കൊവിഡ് രാജ്യത്ത് സ്ഥിരീകരിച്ചതിനാല്‍ സംസ്ഥാനം അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ബ്രിട്ടനില്‍ നിന്നെത്തിയ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു.

ബ്രിട്ടനില്‍ നിന്നെത്തിയവര്‍ക്ക് ജനിതക മാറ്റം വന്ന വൈറസ് ആണോ എന്ന് കണ്ടെത്തിയിട്ടില്ല. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചതായും ആരോഗ്യമന്ത്രി. ജനിതക മാറ്റം സംഭവിച്ച വൈറസുകളെയും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പൂനെയിലേക്ക് അയച്ച സ്രവങ്ങളുടെ പരിശോധന ഫലം ഇതുവരെ ലഭിച്ചില്ലെന്നും ആരോഗ്യമന്ത്രി.

അതേസമയം ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ ഇന്ത്യയിലും കണ്ടെത്തി. ബ്രിട്ടനില്‍ നിന്നെത്തിയ ആറ് പേരിലാണ് വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞത്. മൂന്ന് പേര്‍ ബംഗളൂരുവിലാണുള്ളത്. രണ്ട് പേര്‍ ഹൈദരാബാദിലും ഒരാള്‍ പൂനെയിലുമുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് അതിതീവ്ര വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.

ബ്രിട്ടനില്‍ നിന്നെത്തിയവരില്‍ നടത്തിയ പരിശോധനയിലാണ് ഫലം പുറത്തുവരുന്നത്. മരണ സാധ്യതയില്ലെന്നും ജാഗ്രത കൈവിടരുതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇനി യൂറോപ്യന്‍ രാജ്യങ്ങളിലുള്ള യാത്രക്കാരുടെ വരവ് നിയന്ത്രിക്കുന്നത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം യോഗം ചേരുമെന്നും വിവരം.

You might also like

-