കോവിഡ് കുതിച്ചുയരുന്നു നിയന്ത്രങ്ങൾ കടുപ്പിച്ചേക്കും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം
സ്‌കൂളുകളിൽ ഏർപ്പെടുത്തേണ്ട നിയന്ത്രണമായിരിക്കും പ്രധാനമായും പരിഗണനക്ക് വരിക. പൂർണമായും സ്‌കൂളുകൾ അടച്ചിടേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിൻറേയും അധ്യാപക സംഘടനകളുടേയും നിലപാട്.
തിരുവനന്തപുരം | സംസ്ഥാനത്തെ കോവിഡ് കുതിച്ച്‌ഉയരുന്ന സാഹചര്യത്തിൽ സ്ഥിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. രോഗബാധ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ കോവിഡ് നിയന്ത്രണം ഏർപ്പെടുത്തണമോയെന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും
സ്‌കൂളുകളിൽ നിയന്ത്രണമേർപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും. പ്രതിദിന കോവിഡ് കേസുകൾ ഒരാഴ്ചക്കിടെ കുത്തനെ ഉയർന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.സ്‌കൂളുകളിൽ ഏർപ്പെടുത്തേണ്ട നിയന്ത്രണമായിരിക്കും പ്രധാനമായും പരിഗണനക്ക് വരിക. പൂർണമായും സ്‌കൂളുകൾ അടച്ചിടേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിൻറേയും അധ്യാപക സംഘടനകളുടേയും നിലപാട്. കോവിഡ് വ്യാപനം വീണ്ടുമുയർന്നാൽ ചില ക്ലാസുകൾ മാത്രം ഓൺലൈനിലാക്കും. ആരോഗ്യവിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ചാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. സാമൂഹിക അകലം ഉറപ്പാക്കുന്നതിനുള്ള കർശന നിയന്ത്രണം ഏർപ്പെടുത്താനും സാധ്യതയുണ്ട്.
കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തതാണ് രോഗവ്യാപനത്തിന് ഇടയാക്കുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. രോഗവ്യാപനം കൂടുതൽ രൂക്ഷമായ ജില്ലകളിൽ പരിശോധന വർധിപ്പിക്കുന്ന കാര്യവും ചർച്ചയാകും. വാരാന്ത്യ ലോക്ഡൗണും രാത്രികർഫ്യൂവും ഏർപ്പെടുത്തണോ എന്ന കാര്യവും യോഗത്തിൻറെ പരിഗണനക്ക് വരും. നിയന്ത്രണങ്ങൾ ലംഘിച്ച് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതും യോഗത്തിൽ ചർച്ചയാകാനാണ് സാധ്യത.