ഇടുക്കിയിൽ 3 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.പോലീസ് വലയത്തില്‍…വനത്തിൽ ക്യാമറ ട്രാപ്പ്

കോവിഡ് രോഗികളുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് ഇടുക്കിയെ റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ - സംസ്ഥാന അതിര്‍ത്തികളിലടക്കം ഇടുക്കിയില്‍ വന്‍ തോതില്‍ പോലീസിനെ വിന്യസിച്ചു

0

ഇടുക്കി :ജില്ലയില്‍ 3 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു . പുതിയതായി രോഗം സ്ഥിരീകരിച്ചത് തൊടുപുഴ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍, തൊടുപുഴ ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ്, ബംഗ്ലൂരുവില്‍ നിന്ന് വന്ന ഇടുക്കി – നാരകക്കാനം സ്വദേശി എന്നിവര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയാണ് ഇവരുടെ ഫലം ലഭിച്ചത്. 3 പേരെയും ഇന്നലെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ ഇപ്പോള്‍ 17 ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം കോവിഡ് രോഗികളുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് ഇടുക്കിയെ റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ – സംസ്ഥാന അതിര്‍ത്തികളിലടക്കം ഇടുക്കിയില്‍ വന്‍ തോതില്‍ പോലീസിനെ വിന്യസിച്ചു. ഇതിന്റെ ഭാഗമായി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി തൊടുപുഴ, മൂന്നാര്‍, കട്ടപ്പന എന്നീ പോലീസ് സബ് ഡിവിഷനുകള്‍ക്ക് പുറമേ വണ്ടിപ്പെരിയാര്‍, നെടുങ്കണ്ടം, അടിമാലി എന്നിനിങ്ങനെ മൂന്ന് സബ് ഡിവിഷനുകള്‍ കൂടി രൂപീകരിച്ചാണ് സേനാ വിന്യാസം.

നിലവിലുള്ള ഡിവിഷനുകളിലെ ഡിവൈ.എസ്.പി. മാര്‍ക്ക് അതാതിടങ്ങളിലും ജില്ലയിലെ നാര്‍ക്കോട്ടിക് സെല്‍, ക്രൈംബ്രാഞ്ച്, മുല്ലപ്പെരിയാര്‍ ഡിവൈ.എസ്.പി. മാര്‍ക്ക് പുതിയ ഡിവിഷനുകളിലുമാണ് ചുമതല.
എ.ആര്‍. ക്യാമ്പിലേതുള്‍പ്പെടെ 1559 പോലീസ് ഉദ്യോഗസ്ഥരാണ് ആറ് ഡിവിഷനുകളിലുമായി ജോലി ചെയ്യുന്നത്. തമിഴ്‌നാട് അതിര്‍ത്തി പൂര്‍ണ്ണമായും അടച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള 25 കാനന പാതകള്‍ കണ്ടെത്തി അടക്കുകയും ഇവിടങ്ങളില്‍ ഓരോയിടത്തും സബ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പോലീസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വാഹന ഗതാഗതം സാധ്യമായ മറ്റ് റോഡുകള്‍ കൂടാതെയാണിത്.
അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നത സബ് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ പ്രത്യേകം സ്‌ട്രൈക്കിങ് ഫോഴ്‌സുകളെയും തയ്യാറാക്കിയിട്ടുണ്ട്.

ജില്ലാ അതിര്‍ത്തികളിലെ എല്ലാ റോഡുകളിലും മുഴുവന്‍ സമയ പോലീസ് സംഘത്തെ നിയോഗിച്ചുനിരത്തിലിറങ്ങുന്ന എല്ലാ വാഹനങ്ങളിലും ആരോഗ്യ വകുപ്പധികൃതരെ കൂടി ഉള്‍പ്പെടുത്തി ശക്തമായ പരിശോധനകള്‍ നടത്തുന്നുണ്ട്. അടിയന്തര ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനുള്ള രേഖകളില്ലാതെ റോഡിലിറക്കുന്ന വാഹന ഉടമകള്‍ക്കെതിരെ നടപടിയെടുക്കുന്നുണ്ട്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കോട്ടയവും ഇടുക്കിയും ചുവപ്പുമേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ രണ്ട് ഐ.പി.സ്. ഓഫീസര്‍മാരെ ഇരുജില്ലയിലേയ്ക്കും സ്‌പെഷ്യല്‍ ഓഫീസര്‍മാരായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ നിയോഗിച്ചിരുന്നു. കോട്ടയത്ത് കെ.എ.പി. അഞ്ചാം ബറ്റാലിയന്‍ കമാണ്ടന്റ് ആര്‍. വിശ്വനാഥിനെയും ഇടുക്കിയില്‍ കെ.എ.പി. ഒന്നാം ബറ്റാലിയന്‍ കമാണ്ടന്റ് വൈഭവ് സക്‌സേനയേയുമാണ് സ്‌പെഷ്യല്‍ ഓഫീസര്‍മാരായി നിയോഗിച്ചത്

പെരിയാര്‍ കടുവ സങ്കേതത്തില്‍ നിരീക്ഷണം ശക്തമാക്കി

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരിയാര്‍ കടുവ സങ്കേതത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. കടുവാ സങ്കേതത്തിന്റെ അതിര്‍ത്തി പങ്കിടുന്ന തേനി ജില്ലയില്‍ രോഗം പകര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് പഴുതടച്ച പരിശോധന ശക്തമാക്കിയത്. അതിര്‍ത്തി ജില്ലയില്‍ നിന്നുള്ള കടന്നുകയറ്റം തടയുന്നതോടൊപ്പം അതിര്‍ത്തി മേഖലയിലെ ജനങ്ങളുടെ സുരക്ഷ, വന്യജീവികളിലേക്ക് രോഗബാധ ഉണ്ടാകാതിരിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിലവിലെ നിരീക്ഷണങ്ങള്‍ക്ക് പുറമെ പ്രത്യേക ഗ്രൂപ്പുകളെ കൂടി ഉള്‍പ്പെടുത്തി 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കിയത്. തേക്കടി റേഞ്ചിലെ റോസാപ്പൂക്കണ്ടം, കല്‍ക്കെട്ട്, ഏലക്കാട് ടോപ്പ്, വട്ടക്കണ്ടം, ബ്രാണ്ടിപ്പാറ, മേതക്കാനം, തെള്ളിക്കുഴി, വേട്ടക്കാരന്‍, മാവടി തുടങ്ങിയ പ്രദേശങ്ങളിലാണ് അംഗങ്ങള്‍ രാത്രിയും പകലും നിരീക്ഷണം ശക്തമാക്കിയത്. അതിര്‍ത്തി മേഖലയില്‍ ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചുള്ള നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കുവാന്‍ ശ്രമിച്ച ഒരാളേയും തമിഴ്‌നാട്ടില്‍ നിന്ന് അതിര്‍ത്തി കടക്കുവാന്‍ ശ്രമിച്ച രണ്ടുപേരെയും പോലീസിന് കൈമാറി. വന്യജീവികളിലേക്ക് രോഗം പടര്‍ന്നു പിടിക്കുന്നത് തടയുന്നതിനായി വന്യജീവി നിരീക്ഷണങ്ങള്‍ ശക്തമാക്കുകയും പ്രതിരോധ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ആദിവാസി മേഖലയിലെ സുരക്ഷ മുന്‍നിര്‍ത്തി ബോധവല്‍ക്കരണവും നിരീക്ഷണവും ഏര്‍പ്പെടുത്തി. വനം വകുപ്പും കേരള പോലീസും സംയുക്തമായി അതിര്‍ത്തി മേഖലകളില്‍ തിരച്ചില്‍ നടത്തുന്നതിന് തീരുമാനമായതായി ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ്പ വി കുമാര്‍ അറിയിച്ചു

You might also like

-