കോവിഡ് ചികിത്സയിലിരിക്കെ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ഡോക്ടർമാർ ഒപി ബഹിഷ്ക്കരിക്കും
സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജിലെയും ഒ.പിയാണ് രണ്ട് മണിക്കൂർ ബഹിഷ്ക്കരിക്കുന്നത്
തിരുവനന്തപുരം :കോവിഡ് ചികിത്സയിലിരിക്കെ രോഗിയെ പുഴുവരിച്ച സംഭവത്തിൽ സർക്കാർ കൈകൊണ്ട നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ഇന്നും ഒപി ബഹിഷ്ക്കരിക്കും. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജിലെയും ഒ.പിയാണ് രണ്ട് മണിക്കൂർ ബഹിഷ്ക്കരിക്കുന്നത്. സർക്കാർ നടപടി പിൻവലിച്ചില്ലെങ്കിൽ നാളെ മുതൽ അനശ്ചിതകാലത്തേക്ക് ഒ.പി ബഹിഷ്ക്കരിക്കുമെന്ന് കെജിഎംസിടിഎ അറിയിച്ചു
സസ്പെൻഷൻ നടപടി പിൻവലിക്കും വരെ സമരവുമായി മുന്നോട്ടു പോകാനാണ് ഡോക്ടർമാരുടെയും നഴ്സുമാരുടെയും തീരുമാനം. അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇന്ന് രാവിലെ എട്ട് മണി മുതൽ 10 മണിവരെ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഒ.പി ബഹിഷ്ക്കരിക്കുന്നത്. നാളെയും വിഷയത്തിൽ തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് പൂർണ്ണ ഒ.പി ബഹിഷ്ക്കരണം നടത്തുമെന്നും ഓൺലൈൻ ക്ലാസുകൾ അടക്കം നിർത്തിവെക്കുമെന്നും മെഡിക്കൽ കൊളേജ് അധ്യാപകരുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.കോവിഡ് ഡ്യൂട്ടി മാർഗ നിർദേശങ്ങളിൽ പ്രതിഷേധിച്ച് കെജിഎംസിടിഎ ആരോഗ്യ മന്ത്രിക്ക് കത്തും നൽകി10 ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് ഏഴ് ദിവസത്തെ ഓഫ് എന്ന വ്യവസ്ഥ തുടരണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ആരോഗ്യ പ്രവർത്തകരുടെ പിടിച്ച ശമ്പളം ഉടൻ നൽകണം. റിസ്ക് അലവൻസ് എൻ.എച്ച്.എം ജീവനക്കാരുടേതെന്ന് സമാനമാക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് കത്ത് നൽകിയിരിക്കുന്നത്.