സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി,മാവൂര്‍ സ്വദേശി സുലൈഖയാണ് മരിച്ചത്,കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി
ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. റിയാദില്‍ നിന്നെത്തിയ ഇവര്‍ക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമുണ്ടായിരുന്നുവെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.
കോഴിക്കോട് :സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മാവൂര്‍ സ്വദേശി സുലൈഖയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. റിയാദില്‍ നിന്നെത്തിയ ഇവര്‍ക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമുണ്ടായിരുന്നുവെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.
റിയാദില്‍ നിന്നും ഈ മാസം 20നാണ് സുലൈഖയും ഭര്‍ത്താവും നാട്ടിലെത്തിയത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സുലൈഖയെ ഈ മാസം 25ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 27നാണ് കോവിഡ് സ്ഥിരീകരിച്ചത്. പിറ്റേദിവസം ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇതിനിടയില്‍ ഹൃദയ സ്തംഭനവുമുണ്ടായി. ഗുരുതരാവസ്ഥയിലായ സുലൈഖയെ പിന്നീട് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ രാത്രി 7.20ഓടെയാണ് മരണം സംഭവിച്ചത്. സുലൈഖയുടെ ഭര്‍ത്താവിനും കോവിഡ‍് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹമിപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കോഴിക്കോട് കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ച ഒരു വയസുള്ള കുട്ടിയുടെ അമ്മക്കും രോഗം സ്ഥിരീകരിച്ചു. ഈ മാസം 18നാണ് കൊടുവള്ളി സ്വദേശിയായ 23കാരി കുഞ്ഞിനൊപ്പം ഖത്തറില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. പിന്നീട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. നാദാപുരം സ്വദേശിയായ 36കാരനാണ് രോഗം സ്ഥീരികരിച്ച രണ്ടാമത്തെയാള്‍. ഈ മാസം 27ന് ദുബൈയില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ഇദ്ദേഹം വടകരയിലെ കോവിഡ് കെയര്‍ സെന്‍ററില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.